
ദുബായ്: കൊവിഡ് -19 ഭീതിയുടെ പശ്ചാതലത്തില്‍ യുഎഇയിലെ സ്‌കൂളുകള്‍ ഒരുമാസത്തേക്ക് അടച്ചിട്ടെങ്കിലും പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, പരീക്ഷകള്‍ കര്‍ശന സുരക്ഷാ സംവിധാനത്തോടെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി.
കോവിഡ് 19 നെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് സ്‌കൂളുകള്‍ അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പൊതുപരീക്ഷയുടെ പ്രാധാന്യവും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് ഉപാധികളോടെ പരീക്ഷ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയത്. ഒരു ഹാളില്‍ 15 വിദ്യാര്‍ത്ഥികളെ വീതമായിരിക്കും അനുവദിക്കുക. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പില്‍ വിളിച്ചുചേര്‍ത്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
യുഎഇ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും യോഗത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ എംബസി വിദ്യാഭ്യാസം സെക്രട്ടറി അറിയിച്ചു. അതേസമയം 1 മുതല്‍ 9 വരെ ക്ലാസുകളിലെയും സിബിഎസ്ഇ11-ാം ക്ലാസിലെയും പരീക്ഷകള്‍ റദ്ദാക്കി.
ഈ കുട്ടികളുടെ ഒരു വര്‍ഷത്തെ ശരാശരി പഠന നിലവാരം നോക്കി പ്രമോഷന്‍ നല്‍കാനാണ് തീരുമാനം. മോശം പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് ഏപ്രിലില്‍ റീ ടെസ്റ്റ് ഉണ്ടാകും. വിദ്യാഭ്യാസ വര്‍ഷത്തില്‍ നഷ്ടപ്പെടുന്ന ക്ലാസുകള്‍ വേനല്‍, ശൈത്യകാല അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും എടുത്ത് പരിഹരിക്കാമെന്നും യോഗത്തില്‍ തീരുമാനമായി. ഒരുമാസത്തെ അവധിക്ക് ശേഷം ഏപ്രില്‍ 13ന് സ്‌കൂളുകള്‍ തുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.