Currency

ഒമാനില്‍ കനത്ത ജാഗ്രത; 15 ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

സ്വന്തം ലേഖകന്‍Saturday, July 25, 2020 3:27 pm

മസ്‌കത്ത്: ഒമാനില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് ഇന്ന് മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടും. 15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ ഓഗസ്റ്റ് എട്ട് വരെ തുടരും. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറുമണി വരെ ആയിരിക്കും നിയന്ത്രണം. കാല്‍നട യാത്ര പോലും ഈ സമയത്ത് അനുവദിക്കില്ല. പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നത് നിരോധിച്ചു കൊണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനുമാണ് സുപ്രിം കമ്മിറ്റിയുടെ തീരുമാനം. പകല്‍ സമയത്ത് പോലീസ് പെട്രോളിങ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സുല്‍ത്താന്‍ സായുധ സേനയുമായി ചേര്‍ന്ന് ലോക്ഡൗണിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അടുത്ത രണ്ടാഴ്ചക്കാലം ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള യാത്ര അനുവദനീയമായിരിക്കില്ല. വലിയ പെരുന്നാളിനോടനുബന്ധിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും കുടുംബ ഒത്തുചേരലുകളും പെരുന്നാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100 ഒമാനി റിയാല്‍ പിഴ ചുമത്തുകയും ചെയ്യും. ലോക്ഡൗണ്‍ കണക്കിലെടുത്ത് ഷോപ്പിങ് മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം മവേല സെന്‍ട്രല്‍ പഴം പച്ചക്കറി വിപണിയുടെ സമയക്രമത്തിലും മാറ്റം വരുത്തിയതായി മസ്‌കത്ത് നഗരസഭ അറിയിച്ചു. പുലര്‍ച്ച ആറു മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയായിരിക്കും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x