Currency

കോവിഡ് ‘റിസ്‌ക്’ പട്ടികയില്‍ ഇന്ത്യയില്ല; ഖത്തറിലേക്കുള്ള ഇന്ത്യന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീളും

സ്വന്തം ലേഖകന്‍Wednesday, July 22, 2020 4:39 pm

ദോഹ: വിമാനയാത്രാവിലക്കുള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി കോവിഡ് അപകടസാധ്യതാ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഓഗസ്റ്റ് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് നേരത്തെ ഖത്തര്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കോവിഡ് റിസ്‌ക് കുറഞ്ഞ രാജ്യങ്ങളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയില്ല.

ചൈന, ഇറ്റലി, ജപ്പാന്‍, മലേഷ്യ ഉള്‍പ്പെടെ നാല്‍പ്പത് രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളെയും പട്ടകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും.

അതേസമയം പട്ടികയില്‍ ഇല്ലാത്ത അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്ന് വിവിധ നിബന്ധനകളോട് കൂടി ഖത്തറിലേക്ക് വരാം എന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ്, അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ദോഹയിലെത്തി സ്വന്തം ചിലവില്‍ ഒരാഴ്ച്ച ക്വാറന്റൈനില്‍ കഴിഞ്ഞ് അതിനിടയില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിച്ചാലും മതി. portal.moi.gov.qa എന്ന വെബ്‌സൈറ്റ് വഴിയാണ് റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x