
മസ്കത്ത്: ജൂണിന് ശേഷം ഒമാന്‍ എണ്ണയുല്പാദനം വര്‍ധിപ്പിക്കും. നിലവില്‍ ഒമാന്‍ പ്രതിദിന ഉല്പാദനത്തില് 45,000 ബാരലിന്റെ കുറവുവരുത്തിയിട്ടുണ്ട്. ജൂണ്‍ വരെയാകും ഈ അളവില്‍ ഉല്പാദനം നടത്തുക. അതിന് ശേഷം പ്രതിദിന ഉല്പാദനം ഒരു ദശലക്ഷം ബാരലിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഔഫി പറഞ്ഞു. മസ്കത്തില് ആര്ഗ്വസ് മിഡിലീസ്റ്റ് ക്രൂഡ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണയുല്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് രാജ്യം. വ്യവസായവത്കരണത്തില്‍ പുരോഗതി കൈവരിക്കണമെന്നതിനാല്‍ പ്രകൃതിവാതക ഉല്പാദനത്തിലെ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അല്‍ ഔഫി പറഞ്ഞു. ക്രൂഡോയില്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞിട്ടുണ്ട്. എണ്ണ, പ്രകൃതിവാതക മേഖലയില്‍ സൗരോര്‍ജം ഉപയോഗിക്കുന്നതിനായുള്ള റിമ പദ്ധതി പുരോഗമിച്ചു വരികയാണ്. സലാല എല്‍.പി.ജി പദ്ധതി 2019 ഒടുവില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ പാചകവാതക കയറ്റുമതിരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും ഔഫി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.