Currency

മെകനു ചുഴലിക്കാറ്റ് ഭീതിയില്‍ സലാല; സലാല വിമാനത്താവളം അടച്ചിട്ടു

സ്വന്തം ലേഖകന്‍Friday, May 25, 2018 11:44 am

ഒമാന്‍: മേകുനു കൊടുങ്കാറ്റിനെ നേരിടാന്‍ ഒമാനിലെ ദോഫാര്‍ മേഖല അതീവ ജാഗ്രതയിലെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സലാല വിമാനത്താവളം അര്‍ദ്ധ രാത്രി മുതല്‍ അടച്ചിട്ടു. അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് സലാലക്ക് 200 കിലോമീറ്റര്‍ അടുത്തെത്തി. കാറ്റിന്റെ ഭാഗമായി സലാല ഉള്‍പ്പടെയുള്ള ഒമാന്റെ തെക്കന്‍ തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ തുടരുകയാണ്.

ഇത് കനത്ത വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. സദാ, മിര്‍ബാത്ത്, തുംറൈത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സാമാന്യം ശക്തമായ കാറ്റോടെയുള്ള മഴയാണ് ലഭിച്ചത്. മസ്‌കറ്റില്‍ നിന്ന് റോഡ് മാര്‍ഗമുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സലാലയിലെ അമ്പതിനായിരത്തോളം വരുന്ന മലയാളി സമൂഹവും ആശങ്കയിലാണ്. മണിക്കൂറില്‍ 170 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ മേകുനു ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

200 മില്ലീമീറ്റര്‍ മുതല്‍ 300 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കടല്‍ ഇന്നലെ മുതല്‍ പ്രക്ഷുബ്ധമാണ്. ചുഴലിക്കാറ്റിന്റെ ഫലമായി 8 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ് മുന്നറിയിപ്പ്. യെമന്റെ ഭാഗമായ സൊക്കോത്ര ദ്വീപില്‍ നാശം വിതച്ച ശേഷമാണ് കാറ്റ് സലാലയിലേക്ക് അടുക്കുന്നത്. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x