Currency

മെകനു: സലാലയില്‍ വന്‍ നാശനഷ്ടം

സ്വന്തം ലേഖകന്‍Saturday, May 26, 2018 1:23 pm

മസ്‌കറ്റ്: മെകനു ചുഴലിക്കാറ്റില്‍ സലാലയില്‍ വന്‍നാശനഷ്ടം. ഒരു കുട്ടി മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായം കുറച്ചു. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണു 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. താഖയില്‍ നിന്ന് മറ്റു രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്. സിവില്‍ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മെകനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്യൂത്ത്, റഖ്യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x