ഇതിന്റെ വേരുകള്‍ ഭൂമിക്കടിയിലുള്ള കുടിവെള്ള പൈപ്പുകള്‍ക്ക് കേടുവരുത്തുന്നതായി മന്ത്രാലയത്തിന്റെ പബ്ലിക് പാര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരം മരങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വച്ചുപിടിപ്പിക്കുന്നതും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നിരോധിച്ചത്.
ദോഹ: ഡാമാസ് മരത്തിന് ഖത്തര്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ വ്യാപകമായി കണ്ടു വരുന്നതാണ് ഡാമാസ് മരങ്ങള്‍. എന്നാല്‍ ഇതിന്റെ വേരുകള്‍ ഭൂമിക്കടിയിലുള്ള കുടിവെള്ള പൈപ്പുകള്‍ക്ക് കേടുവരുത്തുന്നതായി മന്ത്രാലയത്തിന്റെ പബ്ലിക് പാര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരം മരങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വച്ചുപിടിപ്പിക്കുന്നതും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നിരോധിച്ചത്.
കോണോകാര്‍പസ് ലാന്‍സിഫോളിയസ് വിഭാഗത്തില്‍പ്പെടുന്ന ഈ മരങ്ങള്‍ ഖത്തറിലേക്കു കൊണ്ടവരരുതെന്ന് മന്ത്രാലയം നഴ്‌സറികള്‍ക്ക് നോട്ടീസ് നല്‍കി. ചൂട്, വരള്‍ച്ച, ഉപ്പു കലര്‍ന്ന മണ്ണ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജയിച്ച് അതിവേഗം വളരുന്ന ഡാമാസ് ഗള്‍ഫ് രാജ്യങ്ങളില്‍ ഹരിതവല്‍ക്കരണത്തിന് സാധാരണയായി ഉപയോഗിക്കാറുണ്ട്.
വളരെ വിലക്കുറവാണെന്നതുള്‍പ്പെടെ പല ഗുണങ്ങളും ഡാമാസിനുണ്ടെങ്കിലും ഇവ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ കാരണം ഗള്‍ഫിലെ പല രാജ്യങ്ങളിലും നേരത്തേ തന്നെ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോംപൗണ്ട് മതിലുകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2012ല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എമാര്‍ ഡാമാസ് ഒഴിവാക്കുന്നതിനു വേണ്ടി കാംപയ്ന്‍ നടത്തിയിരുന്നു.
മന്ത്രാലയത്തിന്റെ നഴ്‌സറികള്‍ വഴി ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോട് കൂടി മാത്രമേ ഇതിന്റെ വിതരണവും വില്‍പ്പനയും നടത്താവൂ എന്നാണ് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതു കൊണ്ട് തന്നെ പ്രശ്‌നമില്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം സസ്യങ്ങള്‍ വളര്‍ത്തുന്നത് തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.