
ദോഹ: ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് ഡ്രൈവിങ് സ്‌കൂളുകള്‍. ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം നവംബര്‍ മൂന്നാമത്തെ ആഴ്ച വരെയുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഡ്രൈവിങ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ദോഹയിലെ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ വ്യക്തമാക്കി. സാധാരണ ശൈത്യകാലത്ത് ഡ്രൈവിങ് പഠിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ നവംബര്‍ അവസാനം മുതല്‍ കുറവ് രേഖപ്പെടുത്തുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കുറഞ്ഞത് അറുപത് ശതമാനത്തോളം കാറുകളും പഠിതാക്കളുടെ കുറവ് മൂലം പാര്‍ക്കിങ്ങില്‍ തന്നെ വിശ്രമിക്കുകയാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചെറിയ വാഹനങ്ങള്‍ ഓടിക്കാനായി ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണത്തിലാണ് കുറവ് അനുഭവപ്പെടുന്നത്. ഡ്രൈവിങ് പരീക്ഷയില്‍ വിജയിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് പഠിതാക്കളുടെ എണ്ണം കുറയാന്‍ കാരണം. ചെറിയ വാഹനങ്ങളുടെ ലൈസന്‍സിനായി എഴുപത് വിദ്യാര്‍ഥികളില്‍ മൂന്ന് ശതമാനം മാത്രമാണ് വിജയിക്കുന്നത്. ചില സമയങ്ങളില്‍ നാല് മുതല്‍ ഏഴ് ശതമാനം വരെ വിജയശതമാനം വര്‍ധിക്കും. ഇതനുസരിച്ച് പ്രതിദിനം ഡ്രൈവിങ് പരീക്ഷയില്‍ മൂന്ന് മുതല്‍ അഞ്ച് പേര്‍ വരെയേ വിജയിക്കുന്നുള്ളു. രണ്ട് തവണ ഡ്രൈവിങ് പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ പിന്നീട് വീണ്ടും ഡ്രൈവിങ് സ്‌കൂളില്‍ മുഴുവന്‍ അല്ലെങ്കില്‍ പകുതി കോഴ്‌സിന് ചേരണം.
അതേസമയം വീണ്ടും സ്‌കൂളില്‍ ചേരുന്നതിനായി 2,800 റിയാലോ അതില്‍ കുറഞ്ഞ സംഖ്യയോ ഫീസായി നല്‍കേണ്ടി വരും. സാധാരണക്കാരനായ ഒരു പഠിതാവിനെ സംബന്ധിച്ച് ഇത് വലിയ തുകയാണ്. ഇതും പഠിതാക്കളുടെ എണ്ണം കുറയ്ക്കുന്നുണ്ട്. പ്രവാസി ജനസംഖ്യ വര്‍ധിച്ചെങ്കിലും 240 തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നിരോധിച്ചതും പഠിതാക്കളുടെ എണ്ണം ഗണ്യമായി കുറച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരന്‍ ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ലൈസന്‍സ് നേടുകയെന്നത് കൂടുതല്‍ ബുദ്ധിമുട്ടേറുകയാണ്. രാജ്യത്തിന്റെ റോഡ് സുരക്ഷയ്ക്കായി അര്‍ഹരായ പഠിതാക്കള്‍ക്ക് മാത്രമാണ് ഗതാഗത വകുപ്പ് ലൈസന്‍സ് നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.