മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ യുവാക്കള്‍ നടത്തുന്ന അപകടകരമായ വാഹനാഭ്യാസ പ്രകടനങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഗതാഗത നിയമങ്ങള്‍ പരിഷ്‌കരിച്ചതും ശിക്ഷ കടുപ്പിച്ചതുമാണ് അപകടം കുറയാന്‍ കാരണം. സെപ്റ്റംബറില്‍ നടപ്പാക്കിയ ഗതഗാത നിയമങ്ങള്‍ അനുസരിച്ച് റോഡിലെ വാഹനാഭ്യാസ പ്രകടനങ്ങള്‍ക്കുള്ള ശിക്ഷ 20 മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നുമാസം തടവും 500 റിയാല്‍ വരെ പിഴയുമാണ് പരിഷ്‌കരിച്ച നിയമപ്രകാരമുള്ള ശിക്ഷ.
ഇബ്രി, സൊഹാര്‍, റുസ്താഖ്, ബര്‍ക, നിസ്വ, ഷിനാസ് എന്നിവിടങ്ങളില്‍ പൊലീസ് പട്രോള്‍ ശക്തമാക്കിയതും അഭ്യാസപ്രകടനങ്ങള്‍ കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറഞ്ഞ കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറയുന്നു. ഈ വര്‍ഷം 60 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം നിരവധിപേര്‍ പിടിയിലായിരുന്നു. 50 വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കാരണമായി കഴിഞ്ഞവര്‍ഷം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനം ഓടിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാറുമില്ല. അര്‍ധരാത്രിയിലും മറ്റുമാണ് സൊഹാര്‍ അടക്കമുള്ള മേഖലകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. ഇത് മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വന്‍ ഭീഷണിയാണ്.
ഇത്തരം മേഖലകളിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പെട്ടിട്ടുണ്ട്. സമീപത്തെ താമസക്കാര്‍ക്കും അഭ്യാസ പ്രകടനങ്ങള്‍ ഭീഷണിയാണ്. വാഹനങ്ങള്‍ മറിഞ്ഞ് തീപിടിക്കുന്നതും ഇത്തരം മേഖലകളില്‍ സാധാരണമാണ്. ഷിനാസ്, ഇബ്രി, തുംറൈത്ത്, ആദം, മുസന്ന എന്നിവിടങ്ങളില്‍ യുവാക്കള്‍ക്ക് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയ പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ റീജനല്‍ മുനിസിപ്പാലിറ്റീസ് ജലവിഭവ മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. അതേസമയം ഒമാനില്‍ വര്‍ഷം തോറും വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷമാണ് എറ്റവും കൂടുതല്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത്. 6,276 അപകടങ്ങളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 675 പേരാണ് കഴിഞ്ഞവര്‍ഷം വിവധ അപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം ഇതുവരെ 515 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.