Currency

വിദേശത്തുനിന്ന് വരുന്നവര്‍ എയര്‍ സുവിധ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; ക്വാറന്റൈന്‍ സത്യവാങ്മൂലം ഡിജിറ്റലായി

സ്വന്തം ലേഖകന്‍Monday, August 10, 2020 5:19 pm

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവന്‍ യാത്രക്കാരും ‘എയര്‍ സുവിധ’ സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതില്‍ അപ് ലോഡ് ചെയ്യണം. ഇനി മുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ക്വാറന്റൈന്‍ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ.

www.newdelhiairport.in എന്ന വെബ്‌സൈറ്റിലാണ് ‘എയര്‍ സുവിധ’ രജിസ്‌ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ നാട്ടിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. യാത്രാവിവരങ്ങള്‍, മെഡിക്കല്‍ വിവരങ്ങള്‍, യാത്രാരേഖകള്‍, നാട്ടിലെ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ക്വാറന്റൈന്‍ സത്യവാങ്മൂലം ഫോറം ഡിജിറ്റലായി പൂരിപ്പിക്കണം. 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലമുണ്ടെങ്കില്‍ അത് അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

നാട്ടിലെത്തിയാല്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന നമ്പറും, ഫോറത്തിന്റെ പ്രിന്റ് ഔട്ടും കൈമാറണം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന അനുമതി പ്രകാരം യാത്രക്കാര്‍ക്ക് വീട്ടിലേക്കോ, ഹൗസ് ക്വാറന്റൈനിലേക്കോ പോകാന്‍ അനുമതി ലഭിക്കും.

ക്വാറന്റൈന്‍ സത്യവാങ്മൂലത്തിന്റെ ഹാര്‍ഡ് കോപ്പികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ല. വിമാനത്താവളങ്ങളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x