Currency

അല്‍ ദുഹൈല്‍ സ്പോര്‍ട്സ് ക്ലബ് റോഡ് വികസനം പൂര്‍ത്തിയായതായി അഷ്ഗാല്‍

സ്വന്തം ലേഖകന്‍Wednesday, November 29, 2017 8:11 am

വികസനപദ്ധതികളുടെ ഭാഗമായി നിലവിലുള്ള റോഡുകള്‍ വീതികൂട്ടി കൂടുതല്‍ വാഹനഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. ഏതാനും റൗണ്ട്എബൗട്ടുകള്‍ സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളാക്കി മാറ്റുകയും കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദോഹ: അല്‍ ദുഹൈല്‍ സ്പോര്‍ട്സ് ക്ലബ്ബിനു സമീപത്തെ റോഡുകളുടെ വികസനം പൂര്‍ത്തിയായി. പൊതുമരാമത്ത് (അഷ്ഗാല്‍) റോഡ് പദ്ധതി വിഭാഗം മാനേജര്‍ സൗദ് അലി അല്‍തമീമിയാണ് ഇക്കാര്യം അറിയിച്ചത്. സര്‍വകലാശാലകളും സ്‌കൂളുകളുമുള്ള ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വികസനപദ്ധതികളുടെ ഭാഗമായി നിലവിലുള്ള റോഡുകള്‍ വീതികൂട്ടി കൂടുതല്‍ വാഹനഗതാഗതം സാധ്യമാക്കിയിട്ടുണ്ട്. ഏതാനും റൗണ്ട്എബൗട്ടുകള്‍ സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളാക്കി മാറ്റുകയും കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്പോര്‍ട്സ് ക്ലബ്ബിനു സമീപത്തെ 9.5 കിലോമീറ്റര്‍ റോഡിന്റെ വികസനമാണ് ഇതില്‍ പ്രധാനം.

ജര്യാന്‍-ലിയാബൈബ് ഇന്റര്‍സെക്ഷനുകള്‍ക്കിടയില്‍ വരുന്ന 14 കിലോമീറ്റര്‍ നീളമുള്ള അറബ് ലീഗ് സ്ട്രീറ്റ് ഇരുവശങ്ങളിലും ഓരോവരി അധിക ഗതാഗതം സാധ്യമാക്കിയാണ് വികസിപ്പിച്ചത്. ഇവിടെ ആറുവരി ഗതാഗതം സാധ്യമാണ്. തര്‍ഫ, ക്വൊത്തയ്ഫാന്‍, വാദി അല്‍ ഗാഇയ, അല്‍ ഷെഫാല്ലഹ്യ സ്ട്രീറ്റുകളും വീതികൂട്ടി വികസിപ്പിച്ചു. അതേസമയം റഡാര്‍ റൗണ്ട്എബൗട്ട് എന്നറിയപ്പെട്ടിരുന്ന ലിയാബൈബ്, നോര്‍ത്ത് അറ്റ്ലാന്റിക് കോളജിനു സമീപത്തെ ജര്യാന്‍ റൗണ്ട്എബൗട്ട്, അറബ്ലീഗ് സ്ട്രീറ്റ് റൗണ്ട്എബൗട്ട്, അല്‍ ഷെഫാല്ലിഹ്യക്കും ദുഹൈല്‍ സ്ട്രീറ്റിനുമിടയിലെ റൗണ്ട്എബൗട്ട് എന്നിവ ഇന്റര്‍സെക്ഷനുകളാക്കി മാറ്റി.

വാദി അല്‍ ഗാഇയയ്ക്കും തര്‍ഫ സ്ട്രീറ്റിനുമിടയിലും ക്വൊത്തയ്ഫാനും തര്‍ഫ സ്ട്രീറ്റിനുമിടയിലും പുതിയ ഇന്റര്‍സെക്ഷനുകള്‍ നിര്‍മിക്കുകയും ചെയ്തു. മഴവെള്ളം ഒഴുക്കിക്കളയാനുള്ള ഭൂഗര്‍ഭ പൈപ്പുകള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. 350 തെരുവുവിളക്കുകളും പാതയോരങ്ങളില്‍ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വൈദ്യുതവിതരണത്തിനുള്ള ഭൂഗര്‍ഭകേബിളുകളും പാകിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x