Currency

പൊതുമാപ്പ്: ആനുകൂല്യം തേടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകന്‍Sunday, November 20, 2016 1:11 pm

പൊതുമാപ്പിന്റെ കാലാവധി അവസാനിക്കവേ ആനുകൂല്യം തേടി എംബസികളിലും മന്ത്രാലയത്തിന്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലും എത്തുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്.

ദോഹ: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നിയമവിധേയമായി സ്വദേശത്തേക്ക് മടങ്ങാനായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാന്‍ പന്ത്രണ്ട് ദിവസം കൂടി. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കവേ ആനുകൂല്യം തേടി എംബസികളിലും മന്ത്രാലയത്തിന്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലും എത്തുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്. അതേസമയം കാലാവധി നീട്ടുന്നത് സംബന്ധിച്ച് മന്ത്രാലയത്തില്‍ നിന്നു ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഡിസംബര്‍ ഒന്നിന് ശേഷവും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖയും പാസ്‌പോര്‍ട്ടും സമര്‍പ്പിക്കുന്നവര്‍ക്ക് വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ പ്രവാസികളും നേരത്തെ തന്നെ പൊതുമാപ്പിന്റെ ആനുകൂല്യം തേടണമെന്ന് ഏഷ്യന്‍ എംബസി അധികൃതര്‍ നിര്‍ദേശിച്ചു. മിക്ക എംബസികളും വെള്ളിയാഴ്ചകളിലും പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. 1500 ലധികം ഇന്ത്യന്‍ പ്രവാസികള്‍ ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാട്ടിലേക്ക് മടങ്ങിയതായി എംബസി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിഖായ ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, സോഷ്യല്‍ ഫോറം തുടങ്ങിയ പ്രധാന പ്രവാസി സംഘടനകള്‍ പൊതുമാപ്പിന്റെ ആനുകൂല്യം തേടുന്ന പ്രവാസികള്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്.

പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേക ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009 ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്. നിയമപ്രകാരമുള്ള എല്ലാ ശിക്ഷാനടപടികളില്‍ നിന്നു ഒഴിവാക്കിയാണ് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. സന്ദര്‍ശന വിസയിലെത്തി പിന്നീട് വിസ പുതുക്കാന്‍ കഴിയാതെ വന്ന കുടുംബങ്ങള്‍, പല കാരണങ്ങളാല്‍ താമസരേഖ പുതുക്കാന്‍ കഴിയാത്തവര്‍, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, പാസ്‌പോര്‍ട്ടും താമസ രേഖകളും നഷ്ടപ്പെട്ടവര്‍, ജോലി സ്ഥലത്ത് നിന്നു ഒളിച്ചോടി മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് പൊതുമാപ്പ് ലഭിക്കുന്നത്. മതിയായ രേഖകളില്ലാത്തതിനാല്‍ ശിക്ഷാനടപടികള്‍ ഭയന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പലയിടങ്ങളിലായി ഒളിച്ചു താമസിക്കുന്നവര്‍ക്കും പൊതുമാപ്പിന്റെ ഇളവില്‍ സ്വദേശത്തേക്ക് മടങ്ങാം.

പൊതുമാപ്പ്, ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കു: പാസ്‌പോര്‍ട്ട്, ഓപ്പണ്‍ ടിക്കറ്റ് അല്ലെങ്കില്‍ റിസര്‍വേഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ രാജ്യത്തേക്ക് പ്രവേശിച്ചപ്പോള്‍ ലഭിച്ച വിസയുടെ പകര്‍പ്പ് എന്നീ രേഖകളുമായി വേണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തെ സമീപിക്കുവാന്‍. അപേക്ഷ സമര്‍പ്പിച്ച് മൂന്ന് ദിവസത്തിന് ശേഷമുള്ള ഓപ്പണ്‍ ടിക്കറ്റ് അല്ലെങ്കില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ആയിരിക്കണം രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കാന്‍. എല്ലാ ആഴ്ചയിലും ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ അതാത് എംബസികളിലെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ രാജ്യത്തിന് പുറത്ത് കടക്കാനുള്ള മതിയായ യാത്രാ രേഖകള്‍ എംബസികള്‍ നല്‍കും.

ഇന്ത്യന്‍ എംബസിയില്‍ പൊതുമാപ്പിന്റെ ആനുകൂല്യം തേടുന്നവര്‍ക്കുള്ള ഔട്ട്പാസ് സൗജന്യമായി ലഭിക്കും. വിമാനടിക്കറ്റ് എടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ സഹായവും ലഭിക്കും. പാസ്‌പോര്‍ട്ടും ടിക്കറ്റും കൈവശമുള്ളവര്‍ക്ക് നേരിട്ട് സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തെ സമീപിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x