Currency

വിദ്യാര്‍ഥികളെ കാത്ത് സുഗമ വഴികള്‍

സ്വന്തം ലേഖകന്‍Thursday, August 30, 2018 2:32 pm

ദോഹ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂളുകളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കിയതായി അഷ്ഗാല്‍. ഈ വര്‍ഷം ഇതുവരെ നാല് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി. റൗദത്ത് റാഷിദ്, ബനി ഹാജര്‍ നോര്‍ത്ത്, അല്‍ അസീസിയ ഈസ്റ്റ്, റൗദത്ത് അബ അല്‍ ഹൈറാന്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണു പൂര്‍ത്തിയാക്കിയത്. ഓഗസ്റ്റ് വരെ 500 കിമീ എക്‌സ്പ്രസ്‌വേ പാതയും അഷ്ഗാല്‍ പൂര്‍ത്തിയാക്കി.

ദോഹയ്ക്കു പുറത്തു താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നഗരത്തിലേക്കുള്ള യാത്ര ഇത് എളുപ്പമാക്കി. അല്‍ ശൂറ ഇന്റര്‍സെക്ഷന്റെ വികസന പദ്ധതികള്‍ അഷ്ഗാല്‍ ഇപ്പോള്‍ നടപ്പാക്കി വരികയാണ്. ഇന്റര്‍സെക്ഷനില്‍ നിന്ന് എല്ലാ ഭാഗത്തേക്കുമുള്ള പാതകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലാക്കി വര്‍ധിപ്പിക്കും. ഇത് ഇന്റര്‍സെക്ഷന്‍ വഴിയുള്ള വാഹന ഗതാഗതം സുഗമമാക്കും.

അല്‍ മാമൂറ മേഖലയിലെ അല്‍ മാദിദ് സ്ട്രീറ്റിന്റെയും, അല്‍ വക്‌റ മേഖലയിലെ അല്‍ ഖത്താറ സ്ട്രീറ്റിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ഭാഗികമായി തുറന്നു നല്‍കുകയും ചെയ്തു. ദോഹയ്ക്കു പുറത്ത് ദുഖാന്‍ റോഡ്, ജി-റിങ് റോഡ്, ദോഹ എക്‌സ്പ്രസ് വേയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവയെല്ലാം ഗതാഗതത്തിനു തുറന്നു നല്‍കി. അല്‍ വക്‌റ, അല്‍ വുഖൈര്‍ മേഖലയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഖത്തര്‍ സര്‍വകലാശാലയിലും, എജ്യുക്കേഷന്‍ സിറ്റിയിലും വളരെ വേഗത്തിലെത്താന്‍ ഇതുവഴി സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x