Currency

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിച്ചേര്‍ക്കണമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, October 31, 2019 12:35 pm

ദോഹ: ഖത്തറിലെ ഏറ്റവും പഴക്കംചെന്ന ഇന്ത്യന്‍ സ്‌കൂളുകളിലൊന്നായ അബൂഹമൂറിലെ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഈ അധ്യായനവര്‍ഷം കൂടി മാത്രമേ സ്‌കൂള്‍ പ്രവര്‍ത്തിക്കൂവെന്നും കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിച്ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂളില്‍നിന്ന് രക്ഷിതാക്കള്‍ക്ക് വ്യാഴാഴ്ച വൈകീട്ടോടെ അറിയിപ്പ് ലഭിച്ചു. തീരുമാനത്തില്‍ മാറ്റമുണ്ടെങ്കില്‍ അതത് സയമത്ത് രക്ഷിതാക്കളെ അറിയിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ സ്‌കൂളുകളില്‍ സീറ്റ് ഉറപ്പാക്കുന്നതില്‍ നിലവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ സന്ദേശം ലഭിച്ചതോടെ രക്ഷിതാക്കള്‍ ആശങ്കയിലായിരിക്കുകയാണ്. നിരവധി മലയാളികളടക്കമുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. പുതിയ സ്‌കൂളുകള്‍ അടുത്ത കാലത്ത് തുറന്നത് നേരിയ ആശ്വാസമായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സ്‌കൂളുകളിലെ സീറ്റ് ഉറപ്പാക്കുന്നത് രക്ഷിതാക്കള്‍ക്ക് വലിയ തലവേദനയാണ്.വലിയ ക്ലാസുകളില്‍ പ്രത്യേകിച്ച് ഒമ്പത്, പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്നവരുടെ സ്‌കൂള്‍ മാറ്റമായിരിക്കും രക്ഷിതാക്കള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുക. പത്താം തരത്തിലേക്കും പന്ത്രണ്ടിലേക്കും അധിക സ്‌കൂളുകളും പ്രവേശനം നല്‍കില്ലെന്നതാണ് കാരണം.

കണക്കുകള്‍ പ്രകാരം 2000ത്തോളം കുട്ടികളാണ് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നത്. ദി താലിബ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ 1 മുതല്‍ 12 ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്. സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ് ഇവിടെ. ആശങ്കകള്‍ക്കിടയിലും സ്‌കൂളധികൃതരുടെ തീരുമാനത്തില്‍ മാറ്റം വരുമെന്നാണ് അധിക രക്ഷിതാക്കളും പ്രതീക്ഷിക്കുന്നത്.

അതേസമയം ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. മന്ത്രാലയത്തില്‍നിന്ന് അനുകൂല നടപടി ഉണ്ടായാല്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് സ്‌കൂളുമായി ബന്ധപ്പെട്ട ഉന്നതന്‍ പറഞ്ഞു. കഴിഞ്ഞതവണ കെ.ജി വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ടും സ്‌കൂളില്‍നിന്ന് ഇത്തരത്തില്‍ രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. കെ.ജി വണ്ണില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മറ്റിടങ്ങളില്‍ പ്രവേശനം നേടണമെന്നായിരുന്നു അത്. അന്ന് ഏറെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ കെ.ജി. വണ്‍ പ്രവേശനനടപടികള്‍ തുടരുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x