തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമിഴ്നാട് ഭരണകൂടം ഉപയോഗിക്കുകയാണെന്നും കോടതി വിലയിരുത്തി.
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ വിമര്‍ശനങ്ങള്‍ ജയലളിത നേരിട്ടേ പറ്റൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. മാനനഷ്ട ഹര്‍ജികളെ മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധമാക്കരുതെന്ന് വ്യക്തമാക്കിയ കോടതി പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്കതീതരല്ലെന്നു മനസിലാക്കണമെന്നു തുറന്നടിച്ചു.
മാനനഷ്ട ഹര്‍ജി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ കോടതി മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കുന്ന ജനങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസുകള്‍ നല്‍കാന്‍ കഴിയില്ല. പൊതു പ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ നേരിടാന്‍ ബാധ്യസ്ഥയാണ്. അവയെ നിങ്ങള്‍ സ്വന്തം നിലയില്‍ നേരിടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അത്രയും മാനനഷ്ടക്കേസുകള്‍ മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയതെന്നും രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. ഇത്തരം പ്രഹസനങ്ങള്‍ ഇനി അനുവദിക്കാനാവില്ലെന്നും കോടതി തുറന്നടിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.