Currency

ഒമാനില്‍ പുതിയ തൊഴില്‍ വിസകളുടെ എണ്ണം കുത്തനെ കുറഞ്ഞു

സ്വന്തം ലേഖകന്‍Monday, August 19, 2019 3:53 pm
visa

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ വര്‍ഷം പുതുതായി അനുവദിച്ചത് 2.95 ലക്ഷം തൊഴില്‍ വിസകള്‍. മുമ്പുള്ള രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് പുതിയ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ 3.69 ലക്ഷവും 2017ല്‍ 3.73 ലക്ഷവും പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചിരുന്നു. തൊഴില്‍ വിസകളുടെ എണ്ണം കുറഞ്ഞപ്പോള്‍ വിസിറ്റിങ്, ടൂറിസ്റ്റ് വിസകളുടെ എണ്ണം കാര്യമായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.

അതേസമയം, റദ്ദാക്കിയ തൊഴില്‍ വിസകളുടെ എണ്ണം 2017നെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2017ല്‍ 2.81 ലക്ഷം തൊഴില്‍വിസകള്‍ റദ്ദാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 2.78 ലക്ഷമായി കുറഞ്ഞു. റെസിഡന്റ് വിസകളുടെ എണ്ണത്തിലും ക്രമമായ കുറവ് ദൃശ്യമാണ്. 2016ല്‍ 6.57 ലക്ഷം റെസിഡന്റ് വിസകള്‍ അനുവദിച്ചത് 2017ല്‍ 5.43 ലക്ഷമായും കഴിഞ്ഞ വര്‍ഷം 4.78 ലക്ഷമായും കുറഞ്ഞു. വിവിധ തസ്തികകളില്‍ വിദേശികളെ ജോലിക്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിസാവിലക്ക് അടക്കം നിയന്ത്രണങ്ങളാണ് പുതിയ തൊഴില്‍ വിസകളുടെ എണ്ണക്കുറവില്‍ പ്രതിഫലിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

8.04 ലക്ഷം വിസിറ്റിങ് വിസകളാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ അനുവദിച്ചത്. 2016ല്‍ ഇത് 4.19 ലക്ഷവും 2017ല്‍ അത് 4.55 ലക്ഷവുമായിരുന്നു. ടൂറിസ്റ്റ് വിസകളുടെ എണ്ണത്തിലും ഇരട്ടിയോളം വര്‍ധനയുണ്ട്. 2016ല്‍ 1.29 ലക്ഷവും 2017ല്‍ 1.23 ലക്ഷവുമായിരുന്ന ടൂറിസ്റ്റ് വിസകള്‍ കഴിഞ്ഞ വര്‍ഷം 3.80 ലക്ഷമായി ഉയര്‍ന്നു. വിസാ നടപടിക്രമങ്ങള്‍ ക്രമീകരിക്കാന്‍ ടൂറിസം മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും ചേര്‍ന്ന് കൈക്കൊണ്ട നടപടികളാണ് ടൂറിസ്റ്റ് വിസകളുടെ എണ്ണത്തിലെ വര്‍ധനക്ക് കാരണം. റിലേറ്റീവ് ജോയിനിങ് വിസകളുടെ എണ്ണവും 2018ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. 2017ല്‍ ഈ വിഭാഗത്തില്‍ 55,382 വിസകള്‍ അനുവദിച്ചത് കഴിഞ്ഞ വര്‍ഷം 59,024 ആയി ഉയര്‍ന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x