
മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ വന്‍ കുറവ്. 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറില്‍ 6.60 ലക്ഷം പേര് ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ 3.8 ശതമാനം കുറഞ്ഞ് 17.35 ലക്ഷമായിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 29,862 സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ തസ്തികകളിലാണ് തൊഴിലെടുക്കുന്നത്. അക്കൗണ്ടിങ്, ഫൈനാന്‍സിങ്, എഞ്ചിനീയറിങ് തുടങ്ങി 87 തസ്തികകളില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസാ നിരോധനമാണ് ഈ മേഖലകളിലെ സ്വദേശികളുടെ എണ്ണം ഉയരാന്‍ കാരണം.
വിദേശികളുടെ എണ്ണത്തിലെ കുറവ് ഏറ്റവുമധികം ഉണ്ടായത് മസ്കത്തിലാണ്. വിദേശികളുടെ എണ്ണം ഇവിടെ 6.1 ശതമാനം കുറഞ്ഞ് 7.77 ലക്ഷമായി. വടക്കന്‍ ബാത്തിനയും ദോഫാറുമാണ് വിദേശി ജനസംഖ്യയില്‍ തൊട്ടുപിന്നിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.