
ഒമാന്‍: ഒമാനില്‍ മയക്കുമരുന്നുപയോഗം വന്‍ തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങളില്‍ ചികിത്സക്കെത്തിയവരുടെ കണക്കുകള്‍ വെച്ച് സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സ്വകാര്യമായി ചികിത്സ നടത്തുന്നവരും വിദേശങ്ങളില്‍ ലഹരി വിരുദ്ധ ചികിത്സക്ക് പോവുന്നവരും നിരവധിയാണ്. ചികിത്സക്ക് പോവാത്തവരും നിരവധിയുണ്ട്. ഇവരുടെ കൂടി കണക്കുകള്‍ പുറത്തുവന്നാല്‍ മയക്ക് മരുന്ന് ഉപയേഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്ധനവാകുമെന്ന് പഠനം പറയുന്നു.
നാഷണല്‍ റെക്കോര്‍ഡ് ഓഫ് അഡിക്ഷന്റെ കണക്കുപ്രകാരം 2004 മുതല്‍ 2015 വരെ മയക്കുമരുന്ന് ഉപയോഗത്തിന് വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയത് 5363 പേരാണ്. ഇവരില്‍ 56 പേര് സ്ത്രീകളാണ്. ഖുറിയാത്തിലെ അല്‍ മസാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി വിഭാഗത്തില്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നുള്ള മോചനത്തിന് ചികിത്സ തേടി 2009 ല്‍ 2,418 പേരാണ് എത്തിയത്.
തൊട്ടടുത്ത വര്‍ഷം ഇത് 4216 ആയി ഉയര്‍ന്നു. മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 372 കേസുകള്‍ 2015 ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 72 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വര്‍ഷം തോറും 43.4 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
ഒമാനിലെ ലഹരിമരുന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക അന്തരങ്ങളൊന്നുമില്ലെന്നും പഠനം പറയുന്നു. ഒരാള്‍ പ്രതിമാസം ശരാശരി 313 റിയാല്‍ മുതല്‍ 448 റിയാല്‍ വരെ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.