Currency

യാത്രക്കാര്‍ ഹാന്റ്ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തുവിട്ടു

സ്വന്തം ലേഖകന്‍Friday, June 29, 2018 12:02 pm

ദുബായ്: യാത്രക്കാര്‍ക്ക് ഹാന്റ്ബാഗിലാക്കി വിമാനത്തിനുളളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. പുതുതായി ചില സാധനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജൂണ്‍ മുപ്പത് മുതല്‍ 350 മില്ലി അഥവാ 12 ഔണ്‍സില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയ്യില്‍ കരുതാനാവില്ല. കുഞ്ഞുങ്ങള്‍ ഒപ്പമില്ലെങ്കില്‍ ബേബി ഫുഡ് ഫുഡ് അനുവദിക്കില്ല. പാല്‍, സോയ മില്‍ക്ക് എന്നിവക്കൊക്കെ തീരുമാനം ബാധകമാണ്. സ്മാര്‍ട്ട് ബാഗുകളിലെ ലിഥിയം ബാറ്ററി തീപിടുത്തത്തിന് ഇടയാക്കും എന്ന് കണ്ടതിനെത്തുടര്‍ന്ന് ഇവയുടെ നിരോധം കഴിഞ്ഞ ജനുവരി മുതല്‍ നിലവിലുണ്ട്.

മരുന്നുകളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സാധനം. 100 മില്ലിയില്‍ കൂടുതല്‍ മരുന്ന് കൈയ്യിലുണ്ടെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയും കൈയ്യിലുണ്ടാവണം. രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവയായിരിക്കുകയും വേണം. പെര്‍ഫ്യൂം അധികം അളവില്‍ കൊണ്ടുപോകാനാവില്ല. ക്രിക്കറ്റ്, ബാഡ്മിന്റന്‍ തുടങ്ങിയ ബാറ്റുകള്‍, ചൂണ്ട, ഡ്രില്ലിങ് മെഷ്യന്‍, സൂപ്പുകള്‍, പെറോക്‌സൈഡുകള്‍, ബോഡി സ്‌പ്രേകള്‍, ലൈറ്ററുകള്‍, സൂചി, കൂടാരം ഉറപ്പിക്കാനുള്ള ആണികള്‍, ബീച്ച് ബാള്‍ എന്നിവയും കൊണ്ടുപോകാനാവില്ല.

ഒരു സാഹചര്യത്തിലും യു.എ.ഇയിലേക്ക് കൊണ്ടുവരാന്‍ അനുമതിയില്ലാത്ത സാധനങ്ങളുടെ പട്ടികയും ദുബായ് കസ്റ്റംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന്, ചൂതുകളിക്കുള്ള സാമഗ്രികള്‍, ആനകൊമ്പ് കാണ്ടാമൃഗത്തിന്റെ കൊമ്പ് തുടങ്ങിയവ. മൂന്ന് പാളികളുള്ള വല, കള്ളനോട്ട്, ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍, റേഡിയോ, വാള്‍, ആയുധങ്ങള്‍, പടക്കോപ്പുകള്‍, സൈനിക ഉപകരണങ്ങള്‍, പടക്കവും മറ്റ് സ്‌ഫോടക വസ്തുക്കളും, ചെടികള്‍, തൈകള്‍, മണ്ണ്, ഉപയോഗിച്ച ടയറുകള്‍ തുടങ്ങിയവയാണത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x