
ദുബായ്: ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ് തയാറെടുക്കുന്നു. ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ നിലനിര്‍ത്തുന്ന അനുകൂല സാഹചര്യം ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താനാണ് ദുബായ് ഒരുങ്ങുന്നത്. ഇതിനായി എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ആകര്‍ഷിക്കാനുള്ള പാക്കേജുകള്‍ തയാറാക്കും.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ദുബായിലെ പ്രധാന ടൂറിസം- ഉല്ലാസ കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം സാന്നിധ്യം വര്‍ധിപ്പിക്കും. ന്യൂഡല്‍ഹിയില്‍ നടന്ന ഇരുപത്തഞ്ചാമത് സൗത്ത് ഏഷ്യ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ (എസ്എടിടിഇ) ഹോട്ടല്‍, ടൂറിസം മേഖലകളില്‍ നിന്നുള്ള 23 പങ്കാളികള്‍ക്കു പുറമെ വിവിധ കമ്പനികളുടെ പ്രതിനിധികളടക്കം വന്‍ പ്രതിനിധി സംഘവുമായാണ് ദുബായ് ടൂറിസം എത്തിയത്.
കുറഞ്ഞ ചെലവില്‍ ഉല്ലാസത്തിനും ബിസിനസ് യോഗങ്ങള്‍ സംഘടിപ്പിക്കാനും ഏറ്റവും യോജിച്ച സ്ഥലമാണു ദുബായ് എന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നുള്ള കുറഞ്ഞ യാത്രാസമയം, സുരക്ഷിതത്വം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് രേഖപ്പെടുത്തി 21 ലക്ഷം ഇന്ത്യക്കാര്‍ ദുബായില്‍ എത്തിയതായാണു കണക്ക്. സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 15% വീതം വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.