
മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഈ പേയ്മെന്റ് സംവിധാനം ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനുവരി ഒന്ന് മുതല്‍ ഈ-പേയ്മെന്റ് സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു. പൊതു മേഖല സ്ഥാപനങ്ങള്‍, ഈ-ഗവര്‍ണ്‍ന്മെന്റ് സേവനത്തിലേക്കു മാറുകയെന്ന ദേശിയ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
ഒമാനിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടായിരത്തി പതിനാറ് ഒക്ടോബര്‍ മാസം മുതല്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് പേയ്മെന്റിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇതോടൊപ്പം നേരിട്ട് പണം അടക്കാനുള്ള സംവിധാനവും അനുവദിച്ചിരുന്നു. ഈ സൗകര്യമാണ് ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കേണ്ട എല്ലാ ഫീസുകളും ബാങ്ക് കാര്‍ഡുകള്‍ മുഖേന അടക്കേണ്ടി വരും.
ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, സിവില്‍, റസിഡന്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ റോയല്‍ ഒമാന്‍ പൊലീസിലെ (ആര്‍.ഒ.പി) എല്ലാ പണമിടപാടുകളും ബാങ്ക് കാര്‍ഡുകള്‍ വഴി ഫലപ്രദമായി നടന്നു വരുന്നുണ്ട്. പുതിയ വര്‍ഷത്തില്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ പണമിടപാടുകള്‍ നടത്തുവാന്‍ പാടുള്ളൂവെന്നും ഒമാന്‍ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.