Currency

പുതിയ മസ്‌കത്ത് വിമാനത്താവളത്തില്‍ ഇ-വിസ ഗേറ്റുകളും

സ്വന്തം ലേഖകന്‍Monday, March 19, 2018 4:57 pm

മസ്‌കത്ത്: പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇ-വിസ ഗേറ്റുകള്‍ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത അല്‍ മഹ്‌റൂഖി അറിയിച്ചു. ഒമാനില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സഞ്ചാരികള്‍ക്ക് നീണ്ട ക്യൂ ഒഴിവാക്കുകയുമാണ് ഇ-വിസ ഗേറ്റുകളുടെ ലക്ഷ്യമെന്ന് അദേഹം പറഞ്ഞു.

ഡിജിറ്റല്‍വത്കരണത്തിന്റെ ഭാഗമായി ലോകമെങ്ങും വിസാ നടപടിക്രമങ്ങളും ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്‌ട്രോണിക്‌വത്കരണം ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഉപകാരപ്പെടുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. വരുന്ന ബുധനാഴ്ച മുതല്‍ ടൂറിസ്റ്റ് വിസകള്‍ക്കും എക്‌സ്പ്രസ് വിസകള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om എന്ന വെബ്‌സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കാം.

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നിബന്ധനകളോടെയാണ് സ്‌പോണ്‍സറില്ലാതെയുള്ള ഇ-വിസ ലഭ്യമാവുക. ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഈ സൗകര്യം ലഭ്യമാക്കാമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x