
ദോഹ: രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏത് സേവനം ഉപയോഗപ്പെടുത്തണമെന്നും വ്യക്തമാക്കിയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖ പുറത്തിറങ്ങി. ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന്, സിദ്റ മെഡിസിന് എന്നിവരുമായി സഹകരിച്ചാണ് മന്ത്രാലയം വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയത്. കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രായമായവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും ഖത്തറിലെ ആരോഗ്യസേവനങ്ങള്‍ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ സഹമന്ത്രി ഡോ. സാലിഹ് അല്‍ മര്‍രി പറഞ്ഞു.
എച്ച്.എം.സി, പി.എച്ച്.സി.സി, സിദ്റ തുടങ്ങിയ ആരോഗ്യ സേവന ദാതാക്കള്‍ നല്കുന്ന സേവനങ്ങള്‍ ഏതൊക്കെയാണെന്നും എങ്ങനെയാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ അപ്പോയിന്റ്മന്റെ് എടുക്കേണ്ടതെന്ന് ഇതിലുണ്ടെന്നും ഡോ. അല്‍ മര്‍രി വ്യക്തമാക്കി. 10 വര്‍ഷത്തിനുള്ളില്‍ ഒമ്പത് പൊതു ആശുപത്രികളാണ് ആരംഭിച്ചതെന്നും പ്രാഥമീകാരോഗ്യമേഖലയില് ആറ് ഹെല്‍ത്ത് സെന്ററുകളും വെല്‍നസ് സെന്ററും ആരംഭിച്ചിട്ടുണ്ടെന്നും സ്വകാര്യമേഖലയില്‍ നിരവധി കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയില്‍ വലിയ വളര്‍ച്ചയാണ് ഖത്തര്‍ അടുത്ത കാലങ്ങളില്‍ കൈവരിച്ചത്.
ഉര്‍ദു, മലയാളം, തഗാലോഗ്, നേപ്പാളി, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ ലഭ്യമാണ്. രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും കൃത്യമായ വിവരം ഉണ്ടാകേണ്ടതുണ്ടെന്നും രാജ്യത്തെ മുഴുവന്‍ താമസക്കാരും സേവനങ്ങള്‍ എളുപ്പമാകുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡുകള്‍ എടുക്കണമെന്നും ഡോ. അല്‍ മര്‍രി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.