Currency

വൈദ്യുതി-ജല വിതരണം പൂര്‍ണമായില്ല

സ്വന്തം ലേഖകന്‍Tuesday, May 29, 2018 11:43 am

മസ്‌കത്ത്: കാറ്റും മഴയും നാശം വിതച്ച ദോഫാര്‍ ഗവര്‍ണറേറ്റില്‍ വൈദ്യുതി- ജല വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. തകരാറുകള്‍ പരിഹരിച്ചുവരുകയാണെന്നും വൈകാതെതന്നെ ജലവിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തുമെന്നും അധികൃതര്‍ അറിയിച്ചു. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അധികൃതര്‍ ടാങ്കറുകളിലും കാനുകളിലും വെള്ളമെത്തിച്ച് ബുദ്ധിമുട്ട് കുറക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. മഴയില്‍ വെള്ളം കയറി വിതരണ ശൃംഖല തകരാറിലായതാണ് ജലവിതരണം മുടങ്ങാന്‍ കാരണം.

വൈദ്യുതി വിതരണവും പുനഃസ്ഥാപിക്കപ്പെടാത്ത പ്രദേശങ്ങളുണ്ട്. ഉള്‍പ്രദേശങ്ങളിലാണ് ഇത് കൂടുതലും. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികള്‍ നടന്നുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ മെകുനു ഭീതിയൊഴിഞ്ഞെങ്കിലും സലാലയടക്കം ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ചയും മഴ പെയ്തു. ശുചീകരണ ജോലികളും മറ്റും നടന്നുകൊണ്ടിരിക്കുകയാണ്. സിവില്‍ഡിഫന്‍സ്, റോയല്‍ ഒമാന്‍ പൊലീസ് എന്നിവക്ക് ഒപ്പം പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x