വാണിജ്യ ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും വിതരണക്കാരനും ഉപഭോക്താവും തമ്മിലുള്ള വിശ്വാസം ശക്തമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. അടുത്തവര്‍ഷം ഫെബ്രുവരി 28 വരെയാണ് ഉത്തരവ് പാലിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ദോഹ: ഉത്പന്നങ്ങളുടെ അളവ് തിട്ടപ്പെടുത്തുന്നതിനായി രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ആധുനിക ഇലക്ട്രോണിക് തുലാസുകള്‍ ഉപയോഗിക്കണമെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വാണിജ്യ ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും വിതരണക്കാരനും ഉപഭോക്താവും തമ്മിലുള്ള വിശ്വാസം ശക്തമാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. അടുത്തവര്‍ഷം ഫെബ്രുവരി 28 വരെയാണ് ഉത്തരവ് പാലിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. അംഗീകൃത നിലവാരവും നിശ്ചിതമാനദണ്ഡങ്ങളുമുള്ള ഇലക്ട്രോണിക് തുലാസുകളാകണം ഉപയോഗിക്കേണ്ടത്. തൂക്കത്തില്‍ കൃത്രിമം കാണിക്കാതെ വ്യക്തവും കൃത്യവുമായിരിക്കണം തുലാസുകളെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ തൂക്കം കൃത്യമായി അറിയാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കഴിയും. ആധുനിക ഇലക്ട്രോണിക് തുലാസുകള്‍ വില്‍പ്പനക്കാരന്റെയും ഉപഭോക്താവിന്റെയും അവകാശം ഒരേപോലെ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് തുലാസുകള്‍ സാധാരണ തുലാസുകളെ പോലെ തുലാസിന്റെ തകരാറോ ന്യൂനതയോ മൂലം ഇരുപാര്‍ട്ടികളുടേയും താത്പര്യത്തെ ഹനിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അനുവദിച്ച കാലാവധിക്ക് ശേഷം ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണം നടത്തും. ലംഘനം നടത്തുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.