Currency

സ്‌കൂള്‍ ഫീസ് വര്‍ധന എംബസി അനുമതി നിര്‍ബന്ധം

സ്വന്തം ലേഖകന്‍Thursday, November 21, 2019 12:20 pm

ദോഹ: രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകളടക്കമുള്ള കമ്യൂണിറ്റി സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനക്ക് അപേക്ഷിക്കാന്‍ അതത് എംബസികളുടെ അനുമതിപത്രം നിര്‍ബന്ധം. ഫീസ് വര്‍ധനക്കുള്ള അപേക്ഷയോടൊപ്പം സ്‌കൂളുകള്‍ എംബസിയുടെ അനുമതിയും മതിയായ രേഖകളും സമര്‍പ്പിക്കണം. എന്നാല്‍, അപേക്ഷ സ്വീകരിക്കാനും തള്ളാനും മന്ത്രാലയത്തിന് അവകാശമുണ്ട്. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂള്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് അല്‍ നഅ്മയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അറബിക് ദിനപത്രം ‘അല്‍ റായ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 75 ശതമാനം വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകള്‍ ഫീസ് വര്‍ധനക്ക് അര്‍ഹരല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ഖത്തറില്‍ നിലവിലുള്ളത്. അനധികൃതമായി ഫീസ് വര്‍ധന പാടില്ല. സ്‌കൂളുകളിലെ നിക്ഷേപകര്‍ക്ക് അര്‍ഹമായ ഫീസ് വര്‍ധനക്ക് അപേക്ഷിക്കാം. എന്നാല്‍, ഇതിനുള്ള അപേക്ഷകളില്‍ കൃത്യമായ പഠനത്തിനു ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൂളുകളുടെ വികസനത്തിനോ വിപുലീകരണത്തിനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല. വര്‍ധന നിലവിലെ ഫീസിന്റെ അഞ്ചു ശതമാനം കവിയാന്‍ പാടില്ല. രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും മന്ത്രാലയത്തിന്റെ നിയമനിര്‍ദേശങ്ങള്‍ കൈമാറിയതായും അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x