
മസ്കത്ത്: ഒമാന്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ ബാദി മുന്നറിയിപ്പ് നല്കി. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മന്ത്രാലയം അധികൃതര്‍ വിശദമായ പരിശോധന നടത്താറുണ്ട്. ജീവനക്കാരുടെ സ്ഥിതി വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നതടക്കം വിലയിരുത്തും. തൊഴില്‍ നിയമ ലംഘനം നടക്കുന്നതായി വിവരം കിട്ടുന്നയിടങ്ങളിലും പരിശോധന നടത്തും. പരിശോധകന് തൊഴിലാളികള്‍ ഉയര്‍ത്തുന്ന പരാതികള്‍ തൊഴില്‍ ഉടമയുടെ ശ്രദ്ധയില്‍ പെടുത്തും.
കഴിഞ്ഞ വര്‍ഷം 843 സ്വകാര്യ കമ്പനികള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. 7672 സ്വകാര്യ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 89 ശതമാനം കൂടുതലാണിത്. 2017ല്‍ 446 തൊഴില്‍ നിയമ ലംഘനമാണ് കണ്ടെത്തിയത്. തൊഴില്‍ സമയം, അവധി, വിശ്രമ സമയം, ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരാതികള്‍ പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയാണ് ഒന്നാം ഘട്ടം. പരിഹരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും. നിയമ ലംഘനം സംബന്ധിച്ച് രേഖാപരമായ റിപ്പോര്‍ട്ട് നല്‍കലാണ് അടുത്ത ഘട്ടം. എന്നിട്ടും പരിഹരിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ കോടതിയെ സമീപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.