Currency

സന്ദര്‍ശക വീസയിലുള്ളവര്‍ 21 നകം രാജ്യം വിടണമെന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍Thursday, July 16, 2020 12:52 pm

ദോഹ: കാലാവധി കഴിഞ്ഞ എല്ലാത്തരം സന്ദര്‍ശക വീസയിലുള്ളവരും ജൂലൈ 21 നകം രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പ്രതിദിനം 200 റിയാല്‍ വീതം പിഴ നല്‍കേണ്ടി വരുമെന്നുമുള്ള തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യാജ വാര്‍ത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകളില്‍ മാത്രം വിശ്വാസ്യത പുലര്‍ത്തിയാല്‍ മതിയെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ജനങ്ങളില്‍ പരിഭ്രാന്തിയും കടുത്ത ആശങ്കയും സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണു വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കുകയോ ആശങ്കപ്പെടുകയോ വേണ്ടെന്നു മന്ത്രാലയം ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

വീസ സംബന്ധമായ പ്രഖ്യാപനങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ജനങ്ങളെ യഥാസമയം അറിയിക്കും. മന്ത്രാലയത്തിന്റെ നിലവിലെ തീരുമാന പ്രകാരം ഓണ്‍ അറൈവല്‍, സന്ദര്‍ശക വീസകളിലുള്ള എല്ലാവര്‍ക്കും സ്വദേശങ്ങളിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുന്നതുവരെ പിഴ ഇല്ലാതെ രാജ്യത്തു തുടരാം.

രാജ്യത്തേക്ക് പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള ഫാമിലി വിസിറ്റ്, ബിസിനസ് വീസ തുടങ്ങിയ എല്ലാത്തരം പ്രീ-എന്‍ട്രി പെര്‍മിറ്റുകളും (വീസ) മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴി കാലാവധി കഴിയുന്നതിനു 3 ദിവസം മുന്‍പുവരെ പുതുക്കുകയും ചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x