Currency

പ്രവാസി തൊഴിലാളികള്‍ക്ക് ഫരീജ് അബ്ദുല്‍ അസീസില്‍ പുതിയ ആശുപത്രി

സ്വന്തം ലേഖകന്‍Saturday, December 15, 2018 11:31 am

ദോഹ: പ്രവാസി പുരുഷ തൊഴിലാളികള്‍ക്കായി പുതിയ ആശുപത്രി തുറന്നു. ഖത്തര്‍ റെഡ്ക്രസന്റിന്റെ സഹകരണത്തോടെ ഫരീജ് അബ്ദുല്‍അസീസ് ഹെല്‍ത്ത്‌സെന്ററാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഈ മേഖലയിലെ പ്രവാസി പുരുഷതൊഴിലാളികള്‍ക്കാണ് ഇവിടെ ചികില്‍സ ലഭിക്കുക. ഓരോ മാസവും 20,000ല്‍ അധികം പേര്‍ക്ക് ഇവിടെ ചികില്‍സ ലഭിക്കും. ആരോഗ്യമന്ത്രാലയം, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ഈ പിഎച്ച്‌സിയുടെ പ്രവര്‍ത്തനം.

ആറു ജനറല്‍ ക്ലിനിക്കുകളാണ് അല്‍ ഫരീജില്‍ ഉള്ളത്. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ഇ.എന്‍.ടി, ഇന്റേണല്‍ മെഡിസിന്‍, ദന്തവിഭാഗം എന്നീ സ്‌പെഷല്‍ ക്ലിനിക്കുകള്‍ രണ്ടു വ്യത്യസ്ത ഷിഫ്റ്റുകളിലായി നാലുദിവസം പ്രവര്‍ത്തിക്കും.

ഫാര്‍മസി, ലാബ്, റേഡിയോളജി വിഭാഗങ്ങളും ഇവിടെയുണ്ട്. തൊഴിലാളികള്‍ക്കായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍(പിഎച്ച്‌സിസി) തുറക്കുന്ന നാലമത്തെ കേന്ദ്രമാണിത്. തൊഴിലാളികള്‍ക്കായുള്ള നാലു ആരോഗ്യകേന്ദ്രങ്ങള്‍ക്കു പുറമേ ഖത്തറിലേക്ക് എത്തുന്ന പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന നടത്തുന്നതിനുള്ള മൂന്നു മെഡിക്കല്‍ കമ്മിഷന്‍ യൂണിറ്റുകളുടെ നടത്തിപ്പുചുമതലയും റെഡ് ക്രസന്റിനാണെന്ന് ക്യുആര്‍സിഎസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ ഗാനിം അലി അല്‍ മാദീദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x