
ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ഒരു മാസം നീളുന്ന ഷോപ്പ് ഖത്തര്‍ ആഘോഷത്തിന് മാള്‍ ഓഫ് ഖത്തറില്‍ തുടക്കമായി. പരമ്പരാഗത വാള് നൃത്തവും വെടിക്കെട്ടും സംഗീതവിരുന്നും വിനോദ പരിപാടികളുമായി വര്‍ണാഭമായ തുടക്കമായിരുന്നു സംഘടിപ്പിച്ചത്. ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന് ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി, മാള്‍ ഓഫ് ഖത്തര്‍ സി.ഇ.ഒ. അഹമ്മദ് അല്‍ മുല്ല എന്നിവര്‍ ചേര്‍ന്നാണ് ഷോപ്പ് ഖത്തറിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തത്.
ഷോപ്പിങ് മുതല്‍ സംസ്കാരം വരെയും ടൂറിസം മുതല്‍ വിനോദം വരെയുമുള്ള പരിപാടികളാണ് എ ബ്രാന്‍ഡ് ന്യൂ ട്രഡീഷന്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഷോപ്പ് ഖത്തറില്‍ നടത്തുന്നത്. രാജ്യത്തെ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിലായി മുപ്പത് പോപ്പ് അപ് ഷോപ്പുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തറിലെ വിര്‍ജീനിയ കോമണ്‍വെല്‍ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രാദേശിക ഡിസൈനര്‍മാരും ഡിസൈന്‍ ചെയ്ത ഉത്പന്നങ്ങളാണ് പോപ്പ് അപ് കേന്ദ്രങ്ങളിലുള്ളത്. ഷോപ്പ് ഖത്തറിന്റെ ഭാഗമായുള്ള പൊതു ആഘോഷം ദോഹ കോര്‍ണിഷില്‍ 12 മുതല്‍ 14 വരെ നടക്കും.
വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശനം. സാംസ്കാരിക പരിപാടികള്‍, കത്താറയിലെ മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജില്‍ കുടുംബ സൗഹൃദ വിനോദ പരിപാടികള്‍, ഹയാത് പ്ലാസയില്‍ ആഫ്രിക്കന്‍ സര്‍ക്കസ് തുടങ്ങി നിരവധി പരിപാടികളാണ് നടത്തുന്നത്. രാജ്യത്തെ ചെറുകിട വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, എന്നിവ ഉള്‍പ്പെടെയുള്ളവക്ക് അമ്പത് ശതമാനത്തോളം വിലക്കിഴിവുണ്ട്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കുള്ളിലെ യാത്രക്കായി ജനുവരി ഏഴ് മുതല്‍ ഫെബ്രുവരി ഏഴ് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് 25 ശതമാനം വരെ ടിക്കറ്റില്‍ ഇളവ് നല്‍കും. കൂടാതെ ഖത്തര്‍ എയര്‍വേയ്സ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഷോപ്പ് ഖത്തര്‍ മേളയുടെ കാലയളവില്‍ ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇരട്ടി ക്യൂമൈല്‍സ് നേടാം. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 200 റിയാലിന്റെ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് മാള്‍ ഓഫ് ഖത്തറില്‍ നടക്കുന്ന വാരാന്ത്യ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നാല്പത് ലക്ഷം റിയാല്‍ വരെയുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.