Currency

അവധിക്കു മുന്നോടിയായി വിമാനനിരക്കില്‍ വന്‍വര്‍ധന; നാട്ടിലേക്ക് നാലിരട്ടി

സ്വന്തം ലേഖകന്‍Tuesday, June 19, 2018 12:31 pm

ദോഹ: ജൂലൈ ആദ്യവാരം ദോഹയില്‍ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്ക് കേരളത്തില്‍ നിന്ന് ഇതേദിവസങ്ങളില്‍ ദോഹയിലേക്കെത്താന്‍ വേണ്ടതിന്റെ നാലിരട്ടി. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വാര്‍ഷികാവധി തുടങ്ങുന്ന സീസണ്‍ നോക്കിയാണ് ടിക്കറ്റ് നിരക്ക് വര്‍ധന. പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായുണ്ടാകുന്ന സമ്മര്‍ദങ്ങളൊന്നും സീസണില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതില്‍ നിന്നു വ്യോമയാന കമ്പനികളെ പിന്‍തിരിപ്പിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

ദോഹയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ നിരക്ക് ഏറ്റവും കുറവുള്ളത് ഇന്‍ഡിഗോയ്ക്കാണ്. പക്ഷേ, ജൂലൈ ആദ്യം ഇങ്ങോട്ടും അങ്ങോട്ടുമുള്ള യാത്രാനിരക്കില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസമുള്ളതും ഇന്‍ഡിഗോയ്ക്കാണ്. ജൂലൈ ഒന്നുമുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഇന്‍ഡിഗോയ്ക്കു കൊച്ചിയില്‍ നിന്നു ദോഹയിലേക്കെത്താന്‍ 325 റിയാലാണു നിരക്ക്. 6,000 രൂപയ്ക്കു നാട്ടില്‍ നിന്നു ദോഹയിലേക്കു ടിക്കറ്റെടുക്കാം. എന്നാല്‍ ജൂലൈ ഒന്നിനു ദോഹയില്‍ നിന്ന് ഇന്‍ഡിഗോയില്‍ കൊച്ചിയിലേക്കു പോകണമെങ്കില്‍ 1,311 റിയാല്‍ (24,250 രൂപ) നല്‍കണം.

കൊച്ചിയില്‍ നിന്നു ദോഹയ്ക്കു വരുന്നതിനേക്കാള്‍ കൃത്യം നാലിരട്ടി. ജൂലൈ രണ്ടിനാണെങ്കില്‍ ഇവിടുന്നു നാട്ടിലോട്ടു നിരക്ക് അല്‍പം കുറയും. 1,230 റിയാല്‍ മതി. ജൂണ്‍ 30, ജൂലൈ ഒന്ന് ദിവസങ്ങളില്‍ ഇന്‍ഡിഗോയുടെ ദോഹ – കോഴിക്കോടു നിരക്ക് 1,307 റിയാലും ജൂലൈ രണ്ടിനു 1,258 റിയാലുമാണ്. അതേസമയം തിരികെ കോഴിക്കോടു നിന്നു ദോഹയിലേക്ക് ഈ ദിവസങ്ങളില്‍ 469 റിയാല്‍ മതിയാകും. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ ദോഹയില്‍ നിന്നു കോഴിക്കോട്ടേക്കു പറക്കാന്‍ ജൂലൈ ഒന്നിനു 2,135 റിയാല്‍ (39,500 രൂപ) നല്‍കണം. ജൂലൈ രണ്ടിനാണു യാത്രയെങ്കില്‍ നിരക്ക് 2,615 റിയാല്‍ (48,400 രൂപ) ആകും. എന്നാല്‍ ഇതേ ദിവസങ്ങളില്‍ കോഴിക്കോട്ടു നിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 950 റിയാല്‍ (17,500 രൂപ) മാത്രം.

ഖത്തര്‍ എയര്‍വെയ്സിന്റെ ദോഹ- കോഴിക്കോട്, ദോഹ- കൊച്ചി, ദോഹ- തിരുവനന്തപുരം നിരക്കുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നതും ശ്രദ്ധേയം. ജൂണ്‍ 30നു ദോഹ- കൊച്ചി ടിക്കറ്റിനു 1,275 റിയാലാണെങ്കില്‍ ജൂലൈ ഒന്നിനു 1,575, ജൂലൈ രണ്ടിനും മൂന്നിനും 1,415 എന്ന തോതിലാണു നിരക്ക്. ജൂലൈ നാലിനു നിരക്ക് വീണ്ടും 1,575 ആകും. കൊച്ചിയില്‍ നിന്ന് ഈ ദിവസങ്ങളില്‍ ദോഹയിലേക്കു പോകാന്‍ 940 റിയാല്‍ മതി. ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്കാണെങ്കില്‍ ജൂലൈ ഒന്നിനു 1,275 റിയാലാണു നിരക്ക്. ഇന്നലെ ഉച്ചയ്ക്ക് അവശേഷിക്കുന്നത് ഏഴു സീറ്റുകള്‍ മാത്രം.

മൂന്നിനു 1,405 നാലിനു 1,565 എന്ന തോതിലാണു നിരക്ക്. തിരുവനന്തപുരത്തു നിന്നു ദോഹയിലേക്ക് ഈ ദിവസങ്ങളിലെ നിരക്ക് 1,030 റിയാല്‍. ജെറ്റ് എയര്‍വേയ്സിനാണ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള നിരക്കുകളില്‍ വ്യത്യാസം ഏറ്റവും കുറവ്. ദോഹയില്‍ നിന്നു കൊച്ചിയിലേക്കു ജൂലൈ ഒന്നിനു 1,255 റിയാലാണെങ്കില്‍ തിരിച്ചു 840 റിയാലാണു നിരക്ക്. എന്നാല്‍ യാത്ര കോഴിക്കോട്ടേക്കാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള നിരക്കില്‍ മറ്റ് എയര്‍ലൈന്‍സുകളെപ്പോലെ വലിയ അന്തരമുണ്ട്. ജൂലൈ ഒന്നിനു ദോഹ – കോഴിക്കോട് 1,355 റിയാലും കോഴിക്കോട്- ദോഹ 590 റിയാലുമാണു നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x