Currency

ഒമാനിലെ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേദഗതി; പിഴ ഇരട്ടിയാക്കി

സ്വന്തം ലേഖകന്‍Thursday, May 9, 2019 1:04 pm

മസ്‌കത്ത്: ഭക്ഷ്യസുരക്ഷാ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഒമാന്‍ പ്രാദേശിക നഗരസഭാ- ജലവിഭവ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വാണിജ്യ ലൈസന്‍സും മറ്റ് അനുമതിപത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാല്‍ 100 ഒമാനി റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കും. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 ഒമാനി റിയാലായിരിക്കും പിഴ.

ഭക്ഷണ ശാലകള്‍, ഫാസ്റ്റ് ഫുഡ് വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍, ഭക്ഷ്യസംസ്‌കരണ പ്ലാന്റുകള്‍, അറവുശാലകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ പെടും. ഭക്ഷണ സാധനത്തിലെ ഉള്ളടക്കം കൃത്യമായി രേഖപ്പെടുത്താതിരിക്കുകയോ, ഭക്ഷണ പദാര്‍ത്ഥതത്തില്‍ മദ്യത്തിന്റെയും പന്നിയിറച്ചിയിയുടെയും അംശം കണ്ടെത്തുകയോ ചെയ്താല്‍ 500 ഒമാനി റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയും പിഴ ചുമത്തും.

ഗുരുതര നിയമലംഘനങ്ങള്‍ക്ക് 5000 ഒമാനി റിയാല്‍ പിഴയും ഒപ്പം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. പരിശോധനകള്‍ ഉറപ്പു വരുത്തുവാന്‍ ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥലത്തും, കേടു വരാതെ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഭേദഗതി ചെയ്യപെട്ട നിയമത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x