Currency

സല്‍വ റോഡിലും ഒളിംപിക് ഇന്റര്‍സെക്ഷനിലും ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, November 22, 2018 12:19 pm

ദോഹ: സല്‍വ റോഡില്‍ റവ്ദ റാഷിദ് ഇന്റര്‍ചേഞ്ചിനും (എക്‌സിറ്റ് 29) മിസൈദ് ഇന്റര്‍ചേഞ്ചിനും (എക്‌സിറ്റ് 24) ഇടയില്‍ 2.2 കിമീ ദൂരത്തില്‍ ഇന്ന് മുതല്‍ 25 വരെ ഗതാഗതം താല്‍ക്കാലികമായി തടയും. റോഡിനു കുറുകെ സ്ഥലനാമ കമാനങ്ങള്‍ സ്ഥാപിക്കുന്നതിനാലാണ് നിയന്ത്രണം. ഇരു ഭാഗത്തുമുള്ള നാലുവരികളില്‍ രണ്ടെണ്ണത്തിലാണു നിയന്ത്രണം. ട്രക്കുകള്‍ക്കുള്ള വരികളാണിത്. ഇന്നു മുതല്‍ നാലുദിവസത്തേക്ക് മിസൈദ് ഇന്റര്‍ചേഞ്ചില്‍ കിഴക്കോട്ടുള്ള എക്‌സിറ്റ് അടയ്ക്കും.

അബു സംറയില്‍ നിന്ന് മിസൈദിലേക്ക് സല്‍വ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ സമീപത്തുള്ള മൂന്നു ലൂപ് റോഡുകളിലൂടെ വേണം കടന്നുപോകാന്‍. സല്‍വ സര്‍വീസ് റോഡില്‍ നിന്നു സല്‍വ റോഡിലേക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നതും തടയും. ഇവിടെ പരമാവധി വേഗം 80 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. ഗതാഗത പുനഃക്രമീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച താല്‍ക്കാലിക ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ കടന്നുപോകണമെന്ന് അഷ്ഗാല്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു

ഒളിംപിക് ഇന്റര്‍സെക്ഷനിലെ നാലു ഭാഗത്തേക്കുമുള്ള പ്രധാന പാതകളില്‍ ഇന്നു വൈകിട്ടു മുതല്‍ വെള്ളി പുലര്‍ച്ചെ വരെ ഗതാഗതം തടയും. ഇവിടെ നാലു പാതകളിലും വാഹനങ്ങള്‍ വലത്തേക്കു തിരിഞ്ഞ് തൊട്ടടുത്ത ഇന്റര്‍സെക്ഷനിലൂടെ യാത്ര തുടരണം. സ്പീഡ് ക്യാമറ കേബിളുകള്‍ സ്ഥാപിക്കുന്നതിനാണ് 7 മണിക്കൂര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x