Currency

അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം

സ്വന്തം ലേഖകന്‍Saturday, December 3, 2016 10:49 am

മെയ്ഡിന്‍ ഖത്തര്‍ വിഭാഗത്തില്‍ മാറ്റുരക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചിത്രങ്ങളെത്തിയെന്നതാണ് നാലാമത് അജ്യാല്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത.

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് കതാറയില്‍ വര്‍ണാഭമായ തുടക്കം. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ശ്രദ്ധേയമായ ചലചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമൊരുക്കിയ റെഡ് കാര്‍പറ്റ് സ്വീകരണത്തോടെയാണ് ചലചിത്രമേളയ്ക്ക് തിരശീല ഉയര്‍ന്നത്.

നന്മയിലൂടെ സാമൂഹ്യ മാറ്റം എന്ന തലക്കെട്ടില്‍ നടക്കുന്ന ചലചിത്രമേളക്ക് ഓട്ടോബെല്‍ സംവിധാനം നിര്‍വഹിച്ച കസാക്കിയന്‍ ചിത്രമായ ദി ഈഗ്ള്‍ ഹണ്‍ട്രസിന്റെ പ്രദര്‍ശനത്തോടെ തുടക്കമായി. സംവിധായകന്‍ ഓട്ടോബല്‍, നായിക ഐശോല്‍പന്‍ എന്നിവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ചലചിത്രപ്രതിഭകളും ഖത്തറിലെ പ്രശസ്ത ഗായകന്‍ അലി അബ്ദുസ്ത്താറും അതിഥികളാായെത്തി.

മെയ്ഡിന്‍ ഖത്തര്‍ വിഭാഗത്തില്‍ മാറ്റുരക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചിത്രങ്ങളെത്തിയെന്നതാണ് നാലാമത് അജ്യാല്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത. 24 ഫീച്ചര്‍ സിനിമകളും 46 ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളുമടക്കം 33 രാജ്യങ്ങളില്‍ നിന്നായി 70 ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മിക്കായേല്‍ ഡുഡോക്ക് ഡി വിറ്റ് സംവിധാനം നിര്‍വഹിച്ച ദി റെഡ് ടര്‍ട്ടില്‍ സമാപന സിനിമയാവും. ഡിസംബര്‍ അഞ്ചുവരെയാണ് മേള നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x