Currency

ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കുറവ്

സ്വന്തം ലേഖകന്‍Tuesday, July 31, 2018 11:55 am

ദോഹ: ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീങ്ങിയതോടെയാണ് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങിയത്. നിലവിലുണ്ടായിരുന്ന വിലവര്‍ധനവിന് ആശ്വാസമുണ്ടായിട്ടുണ്ടെന്ന് ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.

തക്കാളി വിലയിലാണ് തുടക്കത്തില്‍ തന്നെ ഗണ്യമായ കുറവുണ്ടായത് വരും ദിവസങ്ങളില്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുമെന്നാണ് വിലയിരുത്തല്‍. വെണ്ട, ചേന, ചേമ്പ്, അമരിക്ക, വഴുതന, കൈപ്പയ്ക്ക, ബീന്‍സ്, ചിരങ്ങ, തേങ്ങ തുടങ്ങി പച്ചക്കറികളാണ് കാര്യമായും കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് വരുന്നത്. പഴങ്ങളില്‍ പപ്പായ, പൈനാപ്പിള്‍, നേന്ത്രപ്പഴം, ചെറുപഴം, മാങ്ങ, കക്കരിക്ക എന്നിവയാണ് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ കക്കരിയ്ക്ക് ഇതിനകം തന്നെ പകുതിയോളം വില കുറഞ്ഞു.

വിലക്കയറ്റം നീങ്ങിത്തുടങ്ങിയത് മൊത്ത വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ആശ്വാസമായിട്ടുണ്ട്. ഖത്തറിലെ പഴം, പച്ചക്കറി വ്യാപാരികളില്‍ ഭൂരിഭാഗവും മലയാളികളാണ്. മെയ് അവസാനത്തോടെയാണ് കേരളത്തിലെ നിപ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x