ദോഹ: ഖത്തറില്‍ കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരെ വിദേശയാത്ര നടത്തി മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീന് നടപടികളില്‍ നിന്നും ഒഴിവാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്നും കോവിഡ് വാക്സീന് സ്വീകരിച്ചവര്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. യാത്രക്കിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കിലും വാക്സീന് എടുത്തവരെ ക്വാറന്റീന് നടപടികളില്‍ നിന്നും ഒഴിവാക്കും.
വാക്സീന്റെ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് ക്വാറന്റീന് ഇളവ് ലഭിക്കുന്നത്. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ നെഗറ്റീവ് പിസിആര്‍ പരിശോധനയും നിര്‍ബന്ധമാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയുന്നതു മുതല്‍ മൂന്നു മാസത്തേക്കാണ് ക്വാറന്റീന് നടപടികളില്‍ നിന്നും ഒഴിവാക്കുന്നത്.
കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ മാസങ്ങളിലേക്ക് ഇളവ് നീട്ടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുലത്തീഫ് അല്‍ഖാല്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.