
മസ്‌കത്ത്: ഒമാനില്‍ തൊഴിലവസരങ്ങളില്‍ ചെറിയ മാറ്റം ദൃശ്യമായതായും ജിസിസി പരിചയമുള്ള വിദേശികള്‍ക്ക് ഡിമാന്റ് കൂടിയതായും റിക്രൂട്ടിങ് ഏജന്‍സികള്‍ വ്യക്തമാക്കി. നിലവില്‍ 40 ശതമാനം അവസരങ്ങളാണ് ഇത്തരക്കാര്‍ക്കുള്ളത്. പണം മുടക്കി കൊണ്ടുവരുന്നവര്‍ ജോലിയില്‍ തുടരാത്തപക്ഷമുണ്ടാകുന്ന നഷ്ടം മുന്‍നിര്‍ത്തി വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഒഴിഞ്ഞ് നില്‍ക്കാനാണ് പല കമ്പനികളും താല്‍പര്യപ്പെടുന്നത്.
പകരം ജിസിസി പരിചയമുള്ള വിദേശികളെ ജോലിക്ക് എടുക്കുന്നത് സുരക്ഷിത ഇടപാടായാണ് കമ്പനികള്‍ കരുതുന്നതെന്നും റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒമാനിലെ വിവിധ വികസന പ്രവര്‍ത്തന പദ്ധതികളിലും ജിസിസിയില്‍ പരിചയസമ്പത്തുള്ള വിദേശികള്‍ക്ക് ധാരാളം അവസരങ്ങളാണ് ഉള്ളത്.
വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ദുഖമിലും സൊഹാറിലും നടക്കുന്ന ശതകോടിക്കണക്കിന് ഡോളറുകള്‍ നിക്ഷേപമുള്ള പദ്ധതികളിലെ അവസരങ്ങള്‍ വിദേശികള്‍ ധാരാളമായി വിനിയോഗിക്കുന്നുണ്ട്. സ്വദേശികള്‍ പരിശീലിക്കപ്പെട്ട് ഈ മേഖലകളിലേക്ക് കടന്നുവരുന്നതുവരെ വിദേശികള്‍ക്ക് ഈ മേഖലയില്‍ തുടരാന്‍ കഴിയും. അറബിയും ഇംഗ്ലീഷും സംസാരിക്കാന്‍ അറിയുന്നവര്‍ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ പരിചയവും ഉള്ളവര്‍ക്കാണ് അവസരങ്ങളേറെയെന്നും റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.