
മസ്‌കത്ത്: സ്‌കൂളുകളില്‍ സ്റ്റുഡന്റ് അഫെയേഴ്‌സ് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ മന്ത്രിതല നിര്‍ദേശം. സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടറേറ്റുകളിലുമാണ് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ്, പെരുമാറ്റം, ച്യൂയിങ്ഗം അടക്കം നിരോധിത വസ്തുക്കള്‍ ക്ലാസില്‍ കൊണ്ടുവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് സ്‌കൂള്‍തല കമ്മിറ്റിയുടെ ദൗത്യം. രക്ഷകര്‍ത്താക്കളെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തന രീതിയാകണം കമ്മിറ്റിയുടേത്.
സമയത്തിന് സ്‌കൂളില്‍ എത്തുക, ക്ലാസില്‍ നല്ല രീതിയില്‍ പെരുമാറുക, മുടിയും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക, യൂനിഫോം അല്ലെങ്കില്‍ ഡ്രെസ്‌കോഡ് ഉറപ്പാക്കുക, സ്‌കൂളിന്റെ വസ്തുവകകള്‍ സംരക്ഷിക്കുക, ക്ലാസില്‍ പഠിക്കുന്ന മറ്റുകുട്ടികളെയും മുതിര്‍ന്നവരെയും ബഹുമാനത്തോടെ കാണുക, ച്യൂയിങ്ഗം, കാര്‍ബണേറ്റഡ് ഡ്രിങ്, പുകയില, സിഗരറ്റ്, തീപ്പെട്ടി, ലൈറ്റര്‍, ലേസര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി നിരോധിത ഉല്‍പന്നങ്ങള്‍ കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടുവരരുത് തുടങ്ങിയ 13 മാര്‍ഗനിര്‍ദേശങ്ങള്‍ കുട്ടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇവ പാലിക്കാത്തപക്ഷം അത് നടപ്പില്‍ വരുത്തുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പാക്കണമെന്നും മന്ത്രിതല ഉത്തരവില്‍ നിര്‍ദേശിക്കുന്നു. പ്രിന്‍സിപ്പല്‍ ആയിരിക്കണം കമ്മിറ്റിയുടെ പ്രസിഡന്റ്. ഒരു വൈസ്പ്രസിഡന്റും മൂന്ന് അധ്യാപകര്‍ അംഗങ്ങളുമായും ഉണ്ടാകണം. ഒരു ഡാറ്റാബേസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍/ സൈക്കോളജിക്കല്‍ സ്‌പെഷ്യലിസ്റ്റ് എന്നിവര്‍ മറ്റംഗങ്ങളായും ഉണ്ടായിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.