
ന്യൂഡല്‍ഹി: എമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്കുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിവിധ കോണുകളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്മാറ്റം. മേല്‍ വിലാസം രേഖപ്പെടുത്തുന്ന അവസാനത്തെ പേജ് പാസ്പോര്ട്ടില് നിലനിര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പാസ്പോര്‍ട്ടിന്റെ നിറം മാറ്റലില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉടലെടുത്തിരുന്നത്. പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്ത് ജോലി തേടി പോകുമ്പോള്‍ എമിഗ്രേഷന്‍ പരിശോധന ആവശ്യമാണ്. ഇവരുടെ പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരെ രണ്ട് തട്ടിലാക്കുന്ന തീരുമാനമാണിതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
അതേതുടര്‍ന്നാണ് ഓറഞ്ച് പാസ്പോര്‍ട്ട് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പൗരന്റെ വിലാസം അടങ്ങുന്ന പാസ്പോര്‍ട്ടിന്റെ അവസാന പേജ് നീക്കം ചെയ്യുമെന്ന തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. പാസ്പോര്‍ട്ട് ലഭിക്കുന്നതിന് നിലവിലെ നടപടികള്‍ തന്നെ പാലിച്ച് പോകുമെന്നും കേന്ദ്രം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.