
മസ്കറ്റ്: ഒമാനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് റീജ്യണല്‍ മുനിസിപ്പാലീറ്റീസ് മന്ത്രാലയം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ്. രോഗം വ്യാപിക്കുന്നത് തടയാനായി ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഒമാനില്‍ കടകളുടെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യോത്പന്നങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫര്‍മാസികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നത് വിലക്കിയിട്ടുണ്ട്.
കൂടാതെ ഹെല്‍ത്ത് ക്ലബ്ബ്, ബാര്‍ബര്‍ ഷോപ്, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 18 മുതല്‍ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലെ കടകളും പരമ്പരാഗത മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. ഒമാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 66 കവിഞ്ഞു. അതേസമയം ഇന്ന് ഒമാനില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 വയറസ്സ് ബാധ പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതിനകം 17 പേര് രോഗവിമുക്തരായെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.