Currency

വിമാന യാത്രക്കാര്‍ക്കായുള്ള വിശദ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ഒമാന്‍

സ്വന്തം ലേഖകന്‍Saturday, October 3, 2020 12:44 pm

മസ്‌കത്ത്: രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒമാനിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ വിമാനത്താവള കമ്പനി പുറത്തുവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് രജിസ്‌ട്രേഷന്‍ അടക്കം നടപടിക്രമങ്ങള്‍ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. 15 വയസ്സില്‍ താഴെയുള്ളവരെ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യാത്രക്ക് മുമ്പ് https://covid19.moh.gov.om/#/traveler-reg എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുന്നതാണ് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു. സൈറ്റിന്റെ ഹോംപേജില്‍ നിങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ഇ-മെയില്‍ വിലാസം നല്‍കണം. ഫോണില്‍/ ഇ-മെയിലില്‍ ലഭിച്ച ഒ.ടി.പി എന്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ കണ്‍ഫേം ചെയ്യുകയാണ് അടുത്തതായി വേണ്ടത്. തുടര്‍ന്നുള്ള വിന്‍ഡോയില്‍ ട്രാവലര്‍ രജിസ്‌ട്രേഷന്‍ ഫോറം (ടി.ആര്‍.എഫ്) ലഭിക്കും. ഇതില്‍ യാത്രക്കാരന്റെ വിവരങ്ങള്‍ നല്‍കണം. പേര്, സിവില്‍ ഐഡി, പാസ്‌പോര്‍ട്ട് നമ്പര്‍, ഏതുതരം വിസയാണ്, ഒമാനിലെ താമസം എവിടെയാണ്, യാത്രത്തീയതി, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ വിശദ വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. 200 കെ.ബിയില്‍ താഴെയുള്ള ഫോട്ടോയും അറ്റാച്ച് ചെയ്യണം. ട്രാവലര്‍ രജിസ്‌ട്രേഷന്‍ ഫീസായി (പി.സി.ആര്‍ പരിശോധനയുടെ ഫീസ്) 25 റിയാല്‍ ഇലക്‌ട്രോണിക് രീതിയില്‍ അടക്കാനും ഈ വിന്‍ഡോയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

ഇങ്ങനെ അടക്കാത്തവര്‍ക്ക് വിമാനത്താവളത്തില്‍ അടക്കാന്‍ സൗകര്യമുണ്ടാകും. തുടര്‍ന്ന് ടി.ആര്‍.എഫ് സേവ് ചെയ്ത ശേഷം പ്രിന്റ് എടുക്കണം. അടുത്തതായി തറാസുദ് പ്ലസ് (Tarassud) മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ആന്‍ഡ്രോയ്ഡ് പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമാണ്. ഏഴ് ദിവസത്തില്‍ കൂടുതല്‍ ഒമാനില്‍ തങ്ങുന്നവരാണെങ്കില്‍ ആന്‍ഡ്രോയ്ഡ് പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമായ എച്ച് മുഷ്‌രിഫ് ( HMushrif) എന്ന ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സക്കുള്ള ഇന്‍ഷുറന്‍സ് പോളിസി, ക്വാറന്റീന്‍ കാലത്തെ താമസ സൗകര്യം എന്നിവയും ഉറപ്പാക്കണം.

വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരും, രജിസ്‌ട്രേഷന്‍ ഫോം ഫീസ് അടക്കാത്തവരും കോവിഡ് രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തി നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണില്‍ എയര്‍പോര്‍ട്ട് വൈഫൈ കണക്ട് ചെയ്‌തോ അല്ലെങ്കില്‍ ഇതിനായി തയാറാക്കിയിട്ടുള്ള ഒമാന്‍ടെല്‍ കിയോസ്‌കുകള്‍ വഴി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം. ഇലക്‌ട്രോണിക് അല്ലാത്ത പേമെന്റിനും സൗകര്യമുണ്ടാകും. അടുത്തതായി ഇമിഗ്രേഷന്‍ കൗണ്ടറിലെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ ഫോറം നല്‍കണം. പി.സി.ആര്‍ പരിശോധനയാണ് അടുത്തതായി നടക്കുക. ഏഴ് ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നവര്‍ക്ക് എച്ച് മുഷ്‌രിഫ് ( HMushrif) എന്ന ആപ്പില്‍ പെയര്‍ ചെയ്തിട്ടുള്ള ബ്രേസ്‌ലെറ്റ് നല്‍കും.

താമസ സ്ഥലത്ത് 14 ദിവസമാണ് ഇവര്‍ക്ക് ക്വാറന്റീന്‍. ബ്രേസ്‌ലെറ്റ് ധരിക്കുകയും മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഫോണ്‍ 14 ദിവസവും കൈവശം ഉണ്ടാവുകയും വേണം. ക്വാറന്റീന്‍ കാലയളവില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടാകുന്നവര്‍ തറാസുദ് പ്ലസ് ആപ്പിലെ മെഡിക്കല്‍ സ്‌കൗട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്.

അടിയന്തര സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പറുകളായ +968 2444 1998, +968 2444 1999 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്. 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാല്‍ ബ്രേസ്‌ലെറ്റ് ഊരുന്നതിനായി ഏറ്റവും അടുത്ത മെഡിക്കല്‍ സെന്ററില്‍ പോകണം.

HMushrif എന്ന ആപ്പിലെ സെറ്റിങ്‌സില്‍ പോയി ഹെല്‍പ് മെനുവില്‍ മെഡിക്കല്‍ സെന്റര്‍ ലൊക്കേറ്റര്‍ എന്ന ഓപ്ഷന്‍ ഉണ്ടാകും. ബ്രേസ്‌ലെറ്റ് സ്വയം അഴിക്കാന്‍ നോക്കരുതെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x