
മക്ക: ഉംറക്കാര്‍ക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വിലക്ക് ഇതോടെ അസാധുവായി. ഉംറക്കായെത്തുന്ന ഏത് തീര്‍ഥാടകനും ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം.
നേരത്തെ പ്രത്യേക ടൂറിസം വിസയായി ഉംറ വിസ പരിവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. ഇത്തരം നിബന്ധനകള്‍ ഇല്ലാതെയാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചന. ഇതോടെ ഉംറക്കായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാനും അവസരമാകും.
ഉംറക്കായി സൗദിയിലെത്തുന്നവര്‍ നാട്ടിലേക്ക് മടങ്ങാതെ വിവിധ ജോലികളില്‍ അനധികൃതമായി തങ്ങിയ സാഹചര്യത്തില്‍ കൂടിയായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് സൗദിയില്‍ മക്കയിലും മദീനയിലുമെത്തുന്നവര്ക്ക് ഇതര നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കുന്ന ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു.
എന്നാല്‍ ഉംറക്കാര്‍ക്കുള്ള മറ്റു നിബന്ധനകള്‍ തുടരും. അനധികൃതമായി തങ്ങിയാല്‍ സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തി നാടുകടത്തും. ഇവരെ അനധികൃതമായി പാര്‍പ്പിക്കുന്നവര്‍ക്കും സമാനമാണ് ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.