Currency

ഹമദ് വിമാനത്താവളത്തില്‍ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ് സംവിധാനം

സ്വന്തം ലേഖകന്‍Thursday, November 1, 2018 3:21 pm

ദോഹ: സ്മാര്‍ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ പ്രധാന ഘട്ടം ഹമദ് രാജ്യാന്തര വിമാനത്താവളം വിജയകരമായി പൂര്‍ത്തിയാക്കി. സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സിന്റെ 25 ശതമാനത്തിലേറെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.

പുതിയ സെല്‍ഫ് സര്‍വീസ് സേവനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ യാത്രക്കാര്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്. സിറ്റ, സിസിഎം എന്നിവയുടെ സഹകരണത്തോടെ 62 പുതുതലമുറ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ കിയോസ്‌കുകളും, 12 സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പുകളും ഹമദ് വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിലെ ബയോമെട്രിക് സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സംവിധാനങ്ങളാണിത്. പുറപ്പെടല്‍ വിഭാഗത്തിലെ ചെക്ക് ഇന്‍ ഹാളില്‍ സജ്ജമാക്കിയ ഈ കിയോസ്‌കുകള്‍ ഉപയോഗിച്ചു യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍, ബോര്‍ഡിങ് പാസും ബാഗ് ടാഗുകളും പ്രിന്റെടുക്കല്‍ എന്നിവ നിര്‍വഹിക്കാനാവും. ഇതിനു പുറമെ, ഓട്ടോമാറ്റിക്കായി വീസ രേഖകള്‍ പരിശോധിക്കാനുള്ള മൊബൈല്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്ത് പ്രധാന വിമാനത്താവളങ്ങളില്‍ ആദ്യമായി ഹമദ് വിമാനത്താവളത്തിലാണ് ഇത് ഏര്‍പ്പെടുത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച് യാത്രക്കാരന്റെ വീസ രേഖകള്‍ പരിശോധിക്കാന്‍ സര്‍വീസ് ഏജന്റിനു കഴിയും. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്കു മാത്രമാണ് ഈ സേവനം ലഭ്യമാകുക. പക്ഷേ, ഭാവിയില്‍ വിദേശ എയര്‍ലൈന്‍ യാത്രക്കാര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാകും. യാത്രക്കാരുടെ നീക്കത്തില്‍ 40% വരെ വേഗം കൂട്ടാന്‍ പുതിയ സ്മാര്‍ട് സംവിധാനങ്ങളിലൂടെ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x