Currency

സ്മാര്‍ട് എയര്‍പോര്‍ട്ട് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഹമദ് വിമാനത്താവളം; യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Saturday, October 14, 2017 4:58 pm

 

ദോഹ: സ്മാര്‍ട് എയര്‍പോര്‍ട്ട്’ എന്ന ലക്ഷ്യത്തിലേക്കെത്താനൊരുങ്ങുകയാണ് ഹമദ് വിമാനത്താവളം. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി ഐടി സേവനദാതാക്കളായസിറ്റയുമായി ചേര്‍ന്ന് പദ്ധതികള്‍ രൂപീകരിക്കാനായി പുതിയ ധാരണാപത്രം ഒപ്പുവച്ചു.

യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ക്കു റോബട്ടുകളെ പ്രയോജനപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഓഗ്മെന്റഡ്, വിര്‍ച്വല്‍ റിയാലിറ്റിയുടെ ഉപയോഗം, സുരക്ഷിതമായ ഡേറ്റ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലും സഹകരണമുണ്ടാകും. യാത്രക്കാര്‍ക്കു സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും.

യാത്രക്കാരുടെ സെല്‍ഫ് സര്‍വീസ് ചെക് ഇന്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ബാഗിലെ ടാഗ് ഉള്‍പ്പെടെയുള്ളവ പ്രിന്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സെല്‍ഫ് സര്‍വീസ് ചെക് ഇന്‍ കിയോസ്‌കുകള്‍ സിറ്റ വിമാനത്താവളത്തില്‍ സജ്ജമാക്കും.

യാത്രക്കാരെ തിരിച്ചറിയാനായി ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബോര്‍ഡിങ് പാസ് വെരിഫിക്കേഷന്‍ ഇഗേറ്റുകളും സജ്ജമാക്കും. ചെക് ഇന്‍, ബാഗ് ഡ്രോപ്, വിമാനത്തില്‍ കയറുന്നത് എന്നിവയെല്ലാം ബയോ മെട്രിക് സെന്‍സറുകളുടെ അടിസ്ഥാനത്തിലാക്കാനുള്ള ശ്രമമാണ് എച്ച്ഐഎ നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x