Currency

മരുന്നുകളെക്കുറിച്ചു രോഗികളുടെ സംശയങ്ങള്‍ക്കു മറുപടിയുമായി ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കുന്നു

സ്വന്തം ലേഖകന്‍Tuesday, February 6, 2018 3:18 pm

 

ദോഹ: മരുന്നുകളുടെ ഉപയോഗം സംബന്ധിച്ചു രോഗികളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കുന്നു. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ് സെന്റര്‍ തുറക്കുന്നത്. ഈ മാസംതന്നെ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും. രോഗികള്‍ക്കു പരമാവധി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എച്ച്എംസി ഫാര്‍മസി വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മോസ അല്‍ ഹെയ്ല്‍ പറഞ്ഞു.

ആശുപത്രികളില്‍ നിന്നുള്ള മരുന്നുകള്‍ക്കു പുറമെ ഫാര്‍മസികളില്‍ബനിന്നും ഓണ്‍ലൈനായും വാങ്ങുന്ന വൈറ്റമിന്‍ ഗുളികകളും ഹെര്‍ബല്‍ മരുന്നുകളും എത്രമാത്രം സുരക്ഷിതമാണെന്നതു സംബന്ധിച്ച വിശദവിവരങ്ങളും ഡ്രഗ് സെന്ററില്‍നിന്നു ലഭിക്കും. ആവശ്യമെങ്കില്‍ ഡോക്ടര്‍മാരില്‍നിന്നു വിദഗ്ധോപദേശവും ലഭിക്കും. തുടക്കത്തില്‍ രാവിലെ മുതല്‍ ഉച്ചയ്ക്കു മൂന്നുവരെയാകും സെന്റര്‍ പ്രവര്‍ത്തിക്കുക. ക്രമേണ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി ഉയര്‍ത്തുമെന്ന് ഡോ. അല്‍ ഹെയ്ല്‍ അറിയിച്ചു.

രോഗികള്‍ക്കു ഫോണിലൂടെ മറുപടി ലഭിക്കുന്നതിനായി ഹോട് ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. എച്ച്എംസി ക്ലിനിക്കുകളില്‍ നിന്നു നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കേണ്ടതിനെക്കുറിച്ച് രോഗികള്‍ക്കുള്ള സംശയം ദൂരീകരിക്കാന്‍ നിലവില്‍ സംവിധാനമുണ്ട്. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x