ദോഹ: ഖത്തര്‍ നാവികമേഖലയിലെ ചരിത്രനേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഹമദ് തുറമുഖത്തെ ടെര്‍മിനലുകള്‍ വ്യാഴാഴ്ചയോടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ദോഹ തുറമുഖത്ത് വാണിജ്യക്കപ്പലുകള്‍ അടുക്കുന്നതും ചരക്കിറക്കുന്നതും പൂര്‍ണമായും നിര്‍ത്തലാക്കി. ഇതോടെ, രാജ്യത്ത് ചരക്കുനീക്കം നടക്കുന്ന ഏക തുറമുഖമായി മാറിയിരിക്കുകയാണ് ഹമദ് പോര്‍ട്ട്. മിസഈദിലെ ഉമ്മുല്‍ ഹൂലുലില്‍ സ്ഥിതിചെയ്യുന്ന ഹമദ് തുറമുഖം 2014 ഡിസംബറില്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 2015 ജൂലായില്‍ കാറുകളും നാല്‍കാലികളുമായി ആദ്യത്തെ വാണിജ്യക്കപ്പല്‍ നങ്കൂരമിട്ടു.
2020ഓടെ തുറമുഖത്തിന്റെ നിര്‍ദിഷ്ട വികസനപദ്ധതികള്‍കൂടി പൂര്‍ത്തിയാക്കും. ഇതോടെ, 20 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലേക്ക് വിപുലമാക്കപ്പെടുന്ന തുറമുഖത്ത് വര്‍ഷം 70 ലക്ഷം ടണ്‍ കൈകാര്യം ചെയ്യാനാകും. രാജ്യത്ത് വന്‍കിട കപ്പലുകള്‍ അടുക്കാന്‍ സൗകര്യമുള്ള ഏകതുറമുഖം കൂടിയാണ് ഹമദ്. ഇത്രയും കാലം യു.എ.ഇ.യിലെ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലുകള്‍ വഴിയാണ് വന്‍കിട കപ്പലുകളിലെ ചരക്കുകള്‍ രാജ്യത്തെത്തിച്ചിരുന്നത്. നഗരത്തില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നുവെന്നതും, രാജ്യത്തെ വ്യവസായ വാണിജ്യമേഖലകളുമായും ഇതര ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധിപ്പിക്കപ്പെടുന്നുവെന്നതുമാണ് ഹമദിന്റെ പ്രധാനസവിശേഷത. ചരക്കുമായി പോകുന്ന ട്രക്കുകള്‍ക്ക് ദോഹയില്‍ പ്രവേശിക്കാതെ തന്നെ കടന്നുപോകാം എന്നതിനാല്‍, നഗരത്തില്‍ ഗതാഗതക്കുരുക്കിനും ആശ്വാസമുണ്ടാകും.
ദോഹ തുറമുഖത്ത് ചരക്കുനീക്കം നടക്കില്ലെങ്കിലും, ക്രൂയിസ് കപ്പലുകള്‍ക്ക് അടുക്കാനാകും. നിലവിലുള്ള ചരക്കുകളുടെ വിതരണം ഡിസംബര്‍ 31 വരെ തുടരും. തുടര്‍ന്നും അവശേഷിക്കുന്ന ചരക്കുകളും കണ്ടെയ്‌നറുകളും ലേലം ചെയ്യുന്നതിനായി ജനുവരി ഒന്നിന് ലേലസമിതിക്ക് കൈമാറും. തുറമുഖത്ത് നേരത്തെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് ചരക്കുനീക്കവും മറ്റുപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കും. വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് തുറമുഖത്തെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്. ഏപ്രിലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും ഡ്രില്ലിങ്ങും തുടങ്ങുമെന്ന് ഗതാഗതമന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.