Currency

ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, April 1, 2021 6:44 pm

മക്ക: കോവിഡ് മൂലം കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മക്ക, മദീന, ജിദ്ദ വിമാനത്താവളം, മധ്യ ജിദ്ദയിലെ റാബിക് എന്നിങ്ങനെ നാലു സ്റ്റേഷനുകള്‍ ബന്ധിപ്പിക്കുന്നതാണ് ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ്.

മദീന, മക്ക, കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം എന്നീ സ്റ്റേഷനുകള്‍ ബന്ധിപ്പിച്ച് പുനരാരംഭിച്ച സര്‍വീസ് റാബികിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റി സ്റ്റേഷനിലൂടെ കടന്നുപോകുന്നു, 54 ട്രെയിനിനുകളാണ് പ്രതിദിനം സര്‍വീസ് നടത്തുന്നത്. റമദാനിലെ ഉംറ സീസണിലെ തിരക്ക് പരിഗണിച്ച് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ 417 യാത്രക്കാര്‍ക്ക് ഇരു ദിശകളിലേക്കും യാത്ര ചെയ്യാനാകും, കൂടാതെ പെരുന്നാള്‍ സീസണില്‍ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് സര്‍വീസുകള്‍ കൂട്ടുമെന്നും അധികൃതര്‍ പറഞ്ഞു.

തിരക്കേറിയ സീസണ്‍ ആയ റമസാന്‍ മാസത്തിന് മുമ്പായി സേവനം പുനരാരംഭിക്കുന്നതോടെ ഹജ്-ഉംറ സീസണുകള്‍ക്കായി പൂര്‍ണ ശേഷിയില്‍ സേവനം നല്‍കാന്‍ അതിവേഗ ട്രെയിന്‍ സജ്ജമാകുകയാണെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹ് പറഞ്ഞു.

തീര്‍ഥാടകരെ സുരക്ഷിതമായും വേഗത്തിലും പുണ്യ സ്ഥലങ്ങളില്‍ എത്തിക്കുകയും മഹാമാരിക്കെതിരെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ആയിരുന്നു ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x