ദോഹ: ദേശീയ കായികദിനാഘോഷത്തിന് തയാറെടുത്ത് രാജ്യം. ഇന്‍ഡോര്‍ വേദികളിലെ കായികദിന പരിപാടികള്‍ക്ക് വിലക്ക്. നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം. പുറംവേദികളില്‍ മാത്രമേ കായികദിന പരിപാടികള്‍ നടത്താന്‍ പാടുള്ളുവെന്ന് ദേശീയ കായിക ദിന സംഘാടക കമ്മിറ്റി നിര്‍ദേശിച്ചു. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇത്തവണത്തെ കായിക ദിന പരിപാടികള്‍. എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇത്തവണ ഫെബ്രുവരി 9 നാണ് കായിക ദിനം.
കളിക്കാര്‍ തമ്മില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍ പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ കോവിഡ് പരിശോധന നടത്തണം. മത്സരത്തിന് 72 മണിക്കൂര്‍ മുന്‍പായി കോവിഡ് പരിശോധന നടത്തിയ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. ആര്‍ടി, പിസിആര്‍ പരിശോധനകള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലോ ദേശീയ റഫറന്‍സ് ലാബിലോ നടത്തണം. പരിശോധനയ്ക്ക് തയാറാകാത്തവരെ പരിപാടിയില്‍ പങ്കെടുപ്പിക്കില്ല. അതേസമയം മാരത്തണ്‍, നടത്തം, സൈക്ലിങ്, ബോട്ട്, കടല്‍ സംബന്ധമായ പരിപാടികളും ഗെയിമുകളും എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല.
റെഡി-മെയ്ഡ് അല്ലെങ്കില്‍ നേരത്തെ പായ്ക്ക് ചെയ്ത ഭക്ഷണം മാത്രമേ പരിശീലന, മത്സര വേദികളില്‍ അനുവദിക്കൂ. നിശ്ചിത അകലം പാലിച്ചു വേണം ഭക്ഷണം കഴിക്കാനുള്ള മേശകള്‍ ഇടാന്‍. വേദികളിലെ ഭക്ഷണ വില്പന ശാലകളിലും ഭക്ഷ്യ ഇളവുകള്‍ നല്കുന്ന ഇടങ്ങളിലും ടേക്ക്-എവേ മാത്രമേ അനുവദിക്കൂ. ഡിസ്പോസബിള്‍ പായ്ക്കറ്റിലാക്കി വേണം ഭക്ഷണം കൊടുക്കാന്‍. ബുഫെ അനുവദിക്കില്ല. ഭക്ഷണം വാങ്ങാനുള്ള ക്യൂവിലും അകലം പാലിക്കണം.
പുറം വേദികളില്‍ ഇരിപ്പിട ശേഷിയുടെ 30 ശതമാനം കാണികളെ മാത്രമേ അനുവദിക്കൂ. കാണികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചിരിക്കാം. എന്നാല്‍ അകലം പാലിക്കണം. 37.8 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ശരീര താപനിലയുള്ളവര്‍ക്ക് പ്രവേശനം പാടില്ല.
ജീവനക്കാര്‍, കളിക്കാര്‍, കാണികള്‍ തുടങ്ങി എല്ലാവരേയും വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശരീര താപനില പരിശോധിക്കണം. എല്ലാ കാണികളും എല്ലായ്പ്പോഴും മാസ്ക് ധരിക്കണം. കായിക പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും മൊബൈലില്‍ ഇഹ്തെറാസ് ആപ്പിലെ പ്രൊഫൈല്‍ നിറം പച്ചയെങ്കില്‍ മാത്രമേ പ്രവേശനമുള്ളു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.