
മസ്‌ക്കറ്റ്: ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. റോയല്‍ ഒമാന്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ഇറാനില്‍ രൂപംകൊണ്ട തീവ്രമായ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഒമാന്റെ വടക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നത്. ബാത്തിന, ബുറൈമി , ദാഹിരാ, ദാഖിലിയ എന്നി ഗവര്‍ണറേറ്റുകളില്‍ ആണ് കനത്ത മഴ പെയ്യുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ചക്ക് തടസ്സം ഉണ്ടായത് നിരത്തുകളിലെ വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു.
ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ ന്യൂനമര്‍ദത്തിന്റെ ആഘാതം കൂടുതല്‍ ആയി അനുഭവപെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കുന്നുവെങ്കിലും അല്‍ ഹാജര്‍ പര്‍വത നിരകള്‍, സൊഹാര്‍ സഹം കബൂറ എന്നി പ്രദേശങ്ങളില്‍ ആയിരിക്കും കൂടുതല്‍ മഴ പെയ്യുവാന്‍ സാധ്യത ഉള്ളത്.
പൊതുജനങ്ങള്‍ കര്‍ശനമായും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. കൂടാതെ കടലില്‍ ശക്തമായ തിരമാല രൂപപെടുവാന്‍ സാധ്യത ഉള്ളതിനാല്‍ മല്‍സ്യ ബന്ധനം നിര്‍ത്തിവെക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.