
മസ്കത്ത്: ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഇന്നു ശക്തമായ മഴ പെയ്തു. ഇടിയോടെയുള്ള മഴക്ക് ഒപ്പം ശക്തമായ കാറ്റും പലയിടങ്ങളിലായി ഉണ്ടായി. വാദികള്‍ കരകവിഞ്ഞ് ഒഴുകിയതിനെ വിവിധ മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു.
ഖാബൂറയില്‍ വാദിയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. സഹം വിലായത്തിലെ വാദി സീഹില് ഞായറാഴ്ച രാത്രി വാഹനം വെള്ളപ്പാച്ചിലില്‍ കുടുങ്ങി. വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളം നിറഞ്ഞൊഴുകുന്ന വാദികള്‍ മുറിച്ചുകടക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അല്‍ ഹജര്‍ പര്‍വത നിരകളിലും പരിസരങ്ങളിലും മുസന്ദമിലുമാണ് മഴ പെയ്തത്. ബാത്തിന ഗവര്‍ണറേറ്റില്‍ ലിവ, സുഹാര്‍, സഹം, നഖല്‍, റുസ്താഖ്, അവാബി, സുവൈഖ് എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചക്ക് ശേഷം കനത്ത മഴയാണ് പെയ്തത്. ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതിന്റെ ഫലമായി ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.